
തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ തിരക്കിട്ട നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്‌തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് കൈമാറി. സമരം തുടരുന്ന കായികതാരങ്ങളുടെ നിയമനത്തില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.
ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഉറപ്പ് രേഖാമൂലം നല്‍കാനാണ് ഉദ്യോഗസ്ഥ തലത്തില്‍ തിരക്കിട്ട നടപടികള്‍ നടക്കുന്നത്. വിവിധ വകുപ്പുകളില്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ വകുപ്പ് മേധാവികള്‍ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31നുളളില്‍ ഉണ്ടാകാനിടയുളള ഒഴിവുകള്‍ മുന്‍കൂട്ടി കണ്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓഗസറ്റ് വരെ എല്‍ ജി എസ് റാങ്ക് ലിസ്റ്റിന് കാലാവധിയുമുണ്ട്. വാച്ച്‌മാന്‍മാരുടെ സമയക്രമം ഉദ്യോഗസ്ഥ ഭരണപരിഷ്‌കര വകുപ്പ് പരിശോധിക്കും. ഈ സമയം പുനക്രമീകരിച്ച് പുതിയ തസ്തികകള്‍ സൃഷിടിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ അറിയിക്കും. ഇതില്‍ തീരുമാനം വരുന്നതോടെ സമരം തീരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
അതേസമയം ഫയലുകളിലെ പുരോഗതി അറിയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നടപടികള്‍ പുരോഗമിക്കുന്നു എന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന ഉറപ്പില്‍ കായികതാരങ്ങള്‍ തത്കാലം കടുത്ത സമരരീതികളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അനുകൂല തീരുമാനം വന്നാല്‍ സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. അതേസമയം, സി പി ഒ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്

