കൊച്ചി: ( 27.02.2021) പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈകും വാങ്ങി നല്‍കരുതെന്ന് നടന് സലിം കുമാര്‍. വനിത മാഗസിന് നല്കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
ബൈകിന് വേണ്ടി മകന് നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല. ആണ്‍കുട്ടികള്‍ ബൈകില്‍ ചീറിപാഞ്ഞു പോയി അപകടമുണ്ടാകുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണെന്നും സലിംകുമാര്‍ പറയുന്നു. അതുകൊണ്ടാണ് താന്‍ ഇതിനെ എതിര്‍ക്കുന്നതെന്നും സലിംകുമാര്‍ വിശദീകരിക്കുന്നു.
പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇന്ന് ഭാര്യക്ക് ഒരു പനിവന്നാല്‍ കുടുംബത്തിന്റെ താളം തെറ്റും. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അകൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്.
രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് ,അതിനു നല്ല അറിവു വേണം എന്നായിരുന്നു മറുപടി. അവിടെ പോയി ബഫൂണായി ഇരിക്കാന്‍ താല്പര്യമില്ല. സിനിമ നടന് എന്നത് എംഎല്‍എ ആകാനുള്ള യോഗ്യതയല്ലെന്നും സലിംകുമാര്‍ തമാശയോടെ പറഞ്ഞു. ‘സലിം കുമാറില്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല’ എന്ന് നിയമസഭ പറയുന്ന സമയത്തു തീര്‍ച്ചയായും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ കാണുന്നത് കുറവാണ്, ധാരാളം പുസ്തകം വായിക്കും. എസ് ഹരീഷിന്റെ ‘മീശ’ അസാധ്യമായ അനുഭവമായിരുന്നു. വായിച്ച ഉടനെ ഹരീഷിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അത് വായനക്കാരന് ചെയ്യേണ്ട കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
