തിരുവല്ല: സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കം വേദിയിലുണ്ടായിരുന്ന നേതാക്കളില്‍നിന്ന് പൊലീസ് ശനിയാഴ്ച മൊഴിയെടുക്കും.
സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ. രമേശ് ചന്ദ്രന്‍, കെ.പി. രാധാകൃഷ്ണന്‍ അടക്കം പത്തോളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇവര്‍ക്ക് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു.
ജില്ല സെക്രട്ടറിക്ക് നോട്ടീസ് നല്‍കി അടുത്ത ആഴ്ച വിവരങ്ങള്‍ തേടാനാണ് ആലോചന. പരാതിക്കാരായ അഞ്ചുപേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് സംഘാടകരില്‍നിന്ന് വിവരങ്ങള്‍ തേടുന്നത്. പരിപാടിയില്‍ അധ്യക്ഷത വഹിച്ചിരുന്ന മാത്യു ടി. തോമസ് എം.എല്‍.എ, ആശംസ അറിയിച്ച പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവരുടെ മൊഴി നിയമസഭ സമ്മേളനശേഷം രേഖപ്പെടുത്തും.
അതേസമയം, കേസില്‍ അന്വേഷണം തുടങ്ങി ഒരാഴ്ച പിന്നിടുമ്ബോഴും പ്രധാന തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. പരിപാടിയുടെ രണ്ട് മണിക്കൂറിലധികം നീണ്ട വിഡിയോ തങ്ങളുടെ പക്കല്‍ ഇല്ല എന്നാണ് മല്ലപ്പള്ളി ഏരിയ നേതൃത്വം വിശദീകരിക്കുന്നത്. പരിപാടി ചിത്രീകരിച്ച സ്റ്റുഡിയോ നടത്തിപ്പുകാരനെ ചോദ്യം ചെയ്തെങ്കിലും ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തിരുന്നില്ല എന്നാണ് ലഭിച്ച മറുപടി.
ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിന്റെ രണ്ട് മിനിറ്റ് ഭാഗം മാത്രംമാണ് നിലവില്‍ പൊലീസിന്റെ കയ്യിലുള്ളത്. രണ്ട് മണിക്കൂറും 28 മിനുറ്റും അന്‍പത്തിയൊന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ള പരിപാടിയാണ് ഈ മാസം മൂന്നാം തീയതി മല്ലപ്പളളിയില്‍ നടന്നത്ത്. അതുകൊണ്ട് തന്നെ മുഴുവന്‍ ഭാഗവും പരിശോധിക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നാണ് പൊലീസ് വിശദീകരണം.

