കോഴിക്കോട്: സ്വകാര്യ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ചാണ് സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ പരിശോധന നടത്തുന്നത്.
വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവവുമായി ബദ്ധപ്പെട്ടാണ് റെയ്ഡ്. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.
ദിലീപ് കോടതിയ്‌ക്ക് കൈമാറാത്ത വിവരങ്ങള്‍ സൈബര്‍ വിദഗ്ധന്റെ കൈവശമുണ്ടെന്നാണ് വിവരം. നടനറിയാതെയാണ് ഇയാള്‍ വിവരങ്ങള്‍ കൈവശപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സായ് ശങ്കറിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി.
ഫോണിലെ പ്രധാനപ്പെട്ട വിവരങ്ങളൊക്കെ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വെച്ചും ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും സായ്ശങ്കറിന്റെ സഹായത്തോടെ മായ്ച്ച് കളഞ്ഞു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഫോണിലെ വിവരങ്ങള്‍ സായ് ശങ്കറിന്റെ ലാപ്ടോപ് ഉപയോഗിച്ച് മായ്ച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് സായ് ശങ്കറിനെതിരെ നടപടി ആരംഭിക്കുന്നതിനിടയില്‍ ഇയാള്‍ ഹൈക്കോടതിയില്‍ പോലീസ് പീഡനം ആരോപിച്ച് ഒരു ഹര്‍ജി നല്‍കിയിരുന്നു.

