രാജ്യത്തെ റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തുടരും; സാമ്ബത്തിക മേഖലയില്‍ ഉണര്‍വ് പ്രകടമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബയ്: രാജ്യത്തെ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. കൊവിഡ് കാലത്ത് വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികളാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ച്‌ വരുന്നത്. അതുകൊണ്ടാണ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച്‌ റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക്ഡൗണ്‍ മൂലം വിതരണശൃംഖലയില്‍ തടസമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണില്‍ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തല്‍. മൂന്നുദിവസം നീണ്ടുനിന്ന വായ്പ‌ അവലോകന യോഗമാണ് ഇന്ന് അവസാനിച്ചത്.

നാഷണല്‍ ഹൗസിംഗ് ബാങ്കായ നബാര്‍ഡിന് പണലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക നടപടിയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം വിതരണശൃംഖലയിലെ തടസംമൂലം പണപ്പെരുപ്പഭീഷണി നിലനില്‍ക്കുകയാണെന്നും വ്യക്തമാക്കി. സാമ്ബത്തിക മേഖലയില്‍ ഉണര്‍വ് പ്രകടമാണ്. എന്നിരുന്നാലും കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നത് പലയിടങ്ങളിലും അടച്ചിടല്‍ തുടരുന്നത് നിര്‍ബന്ധമാക്കിയെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

ആഗോള സാമ്ബത്തിക മേഖല ദുര്‍ബലമായി തുടരുകയാണ്. എന്നാല്‍ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണ്. രാജ്യത്തെ യഥാര്‍ഥ ജി.ഡി.പി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അനുകൂല സൂചനകളാണ് വിപണിയില്‍ നിന്ന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*