കോട്ടയം: ( 02.10.2021) പാലാ സെന്‍ തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് മരിച്ച നിഥിനയ്ക്ക് നാട് കണ്ണീരോടെ വിട നല്‍കി. നിഥിന താമസിച്ചിരുന്ന വാടക വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ബന്ധുവീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. നിഥിനയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തില്‍ രക്ത ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നതാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ടെം റിപോര്‍ട് .
അതേസമയം, പ്രതി അഭിഷേകിനെ പാലാ സെന്‍ തോമസ് കോളജ് കാംപസില്‍ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പ്രതി അഭിഷേക് നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. നിഥിനയെ കൊലപ്പെടുത്താന്‍ പുതിയ ബ്ലേഡ് വാങ്ങിയെന്നും മൊഴിയില്‍ പറയുന്നു.
ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപെര്‍ കടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവര്‍ഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിഥിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളില്‍ നിന്ന് അഭിഷേക് ഇറങ്ങി. നിഥിനയെ കാത്ത് വഴിയരികില്‍ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എന്നാല്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കത്തി കൊണ്ടുവന്നത് തന്റെ കൈ ഞരമ്ബ് മുറിച്ച് നിഥിനയെ ഭയപ്പെടുത്താനാണ്. എന്നാല്‍ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊലപാതകം നടന്നുവെന്നാണ് മൊഴി. രണ്ട് വര്‍ഷമായി നിഥിനയുമായി പ്രണയത്തിലായിരുന്നുവെന്നും അഭിഷേക് പറയുന്നു.
നിഥിനയുടെ അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അവര്‍ക്ക് സമ്മതമായിരുന്നുവെന്നും അഭിഷേക് പറഞ്ഞു. എന്നാല്‍ അഭിഷേകിന്റെ കുടുംബം എതിര്‍ത്തിരുന്നു. എന്നാല്‍ മകന്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്ന് പിതാവ് ബൈജു പറയുന്നു.

