കരുത്തനെ കണ്ട് കൊതിച്ച്‌ ഇഷ്ടമായി, വഴിമദ്ധ്യേ ഇന്ത്യന്‍ റഫാലുകളെ സഹായിച്ച യു എ ഇ നല്‍കിയ ഓര്‍ഡര്‍ ഫ്രാന്‍സിനെ ഞെട്ടിച്ചു, ഒറ്റയടിക്ക് വാങ്ങുന്നത് 80 റഫാലുകളെ

ദുബായ് : റഫാലുകള്‍ക്ക് ഇത് നല്ല കാലം. ഇന്ത്യയ്ക്ക് മുപ്പത്തിയാറ് റഫാലുകളെ കൈമാറിയ ഫ്രാന്‍സിന് ഇപ്പോള്‍ ലഭിച്ച ഓര്‍ഡര്‍ ആരെയും അമ്ബരപ്പിക്കുന്നതാണ്.

19 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സും ഫ്രാന്‍സും ഒപ്പു വച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടപാട് റഫാല്‍ യുദ്ധവിമാനവുമായി ബന്ധപ്പെട്ടുള്ളതാണ്. എണ്‍പത് പുത്തന്‍ റഫാലുകളെയാണ് യു എ ഇ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എത്തിയപ്പോഴാണ് യു എ ഇ കരാറില്‍ ഒപ്പിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരു രാജ്യങ്ങളും ഒപ്പു വച്ചത്.

കരാര്‍ എന്നത്തേക്കാളും ശക്തവും പ്രാദേശിക സ്ഥിരതയ്ക്ക് നേരിട്ട് സംഭാവന നല്‍കുന്നതുമായ തന്ത്രപരമായ പങ്കാളിത്തം ഉറപ്പിക്കുന്നു എന്നാണ് കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് പ്രസ്താവിച്ചത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായാണ് അദ്ദേഹം കരാര്‍ ഒപ്പിട്ടത്. ദുബായ് എക്സ്‌പോ 2020മായി ബന്ധപ്പെട്ടാണ് ഇമ്മാനുവല്‍ മാക്രോണ്‍ യു എ ഇ സന്ദര്‍ശിച്ചത്.

എന്ത് കൊണ്ട് റഫാല്‍ ?

തങ്ങളുടെ പ്രധാന സുരക്ഷാ സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ എക്കാലത്തും വാങ്ങിക്കൂട്ടുന്നതിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ താത്പര്യം കാട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഭീമമായ ഒരു ആയുധ കരാര്‍ ഫ്രാന്‍സുമായി യു എ ഇ ഒപ്പുവച്ചത് എന്തിനെന്ന ചര്‍ച്ചയും ഉയരുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ശ്രദ്ധ കുറയുന്നതാണോ ഇത്തരമൊരു ചിന്തയിലേക്ക് യു എ ഇ കടന്നതെന്നും കരുതുന്നവരുണ്ട്. അടുത്തിടെ യു എ ഇയുമായി ഇടയ്ക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്ന ഗള്‍ഫ് രാഷ്ട്രമായ ഖത്തറും 36 റഫാലുകളെ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കിയിരുന്നു.

റഫാലുകളെ യു എ ഇ വാങ്ങിയത് മറ്റൊരു രാജ്യമായ ഇന്ത്യയുടെ പാത പിന്തുടര്‍ന്നാണ്. റഫാലുകളുടെ സ്ഥിരതയും, കരുത്തുമാണ് ഇവിടെ യു എ ഇയെ ഇടപാടിലേക്ക് നയിച്ചത്. റഫാല്‍ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷന്‍ മുന്‍പ് നിര്‍മ്മിച്ച ഫ്രഞ്ച് നിര്‍മിത മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ യു എ ഇയുടെ ആയുധ ശേഖരത്തിലുണ്ട്. ഇന്ത്യയിലും ഈ അവസ്ഥ സമാനമായിരുന്നു. ഇന്ത്യയിലേക്കുള്ള റഫാലുകളുടെ നോണ്‍ സ്‌റ്റോപ് പറക്കലില്‍ ആകാശത്ത് വച്ച്‌ എണ്ണ നിറയ്ക്കുന്നതിനും മറ്റുമായി സഹായം നല്‍കിയതും യു എ ഇയുടെ സൈനിക വിമാന ടാങ്കറുകളായിരുന്നു. 2011 മുതല്‍ റഫാലുകളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് യു എ ഇ ഫ്രാന്‍സ് ചര്‍ച്ചകള്‍ നടക്കുകയാണ്.

യു എ ഇയുടെ ഭീമന്‍ കരാര്‍ ലഭിച്ചതോടെ ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്ബനിക്ക് 2031 അവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊര്‍ജം ലഭിച്ചിരിക്കുന്നത്. ഈ കരാര്‍ ഫ്രാന്‍സിലെ 7,000 തൊഴിലവസരങ്ങളെ നേരിട്ട് പിന്തുണയ്ക്കുകയും ചെയ്യും. ഇന്ത്യയുമായുള്ള ഇടപാട് അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേ നിലവില്‍ ഗ്രീസ്, ഈജിപ്ത്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളുമായിട്ടാണ് ഫ്രാന്‍സ് റഫാലിനായി കരാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദ്ധാനം പാലിക്കണമെങ്കില്‍ റഫാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണ് കമ്ബനി. യു എ ഇയുടെ ഓര്‍ഡര്‍ വന്നതോടെ വിമാനകമ്ബനിയുടെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്നു.

prp

Leave a Reply

*