ചത്ത രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച്‌ സംസാരിക്കാനില്ല, വികസനത്തെ കുറിച്ച്‌ സംസാരിക്കാം; രാജ് താക്കറെക്ക് മറുപടിയുമായി ആദിത്യ താക്കറെ

മുംബൈ: ഉച്ചഭാഷിണി വിവാദത്തില്‍ എം.എന്‍.എസ് അധ്യക്ഷന്‍ രാജ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കയച്ച കത്തിന് മറുപടിയുമായി ടൂറിസം മന്ത്രിയും ഉദ്ധവ് താക്കറയുടെ മകനുമായ ആദിത്യ താക്കറെ.

രാഷ്ട്രീയത്തെ കുറിച്ച്‌ സംസാരിക്കുന്നതിന് പകരം വികസനത്തെ കുറിച്ച്‌ സംസാരിക്കണമെന്ന് ആദിത്യ താക്കറെ പറഞ്ഞു.

എം.എന്‍.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് സേനയെ മഹാരാഷ്ട്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കത്തില്‍ രാജ് താക്കറെ ആരോപിച്ചിരുന്നു. എന്നാല്‍, ചത്ത രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച്‌ സംസാരിക്കുന്നതിന് പകരം വികസനത്തെ കുറിച്ച്‌ സംസാരിക്കാമെന്ന് ആദിത്യ താക്കറെ മറുപടി നല്‍കി. ആദിത്യ താക്കറെക്ക് പുറമേ സംസ്ഥാന ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സ് പാട്ടീലും കത്തിനെതിരെ പ്രതികരിച്ചു. പൊലീസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് നിയമലംഘനത്തില്‍ ഏര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ അനുവദിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുന്നവര്‍ ഇത്തരം അനുഭവങ്ങള്‍ എല്ലാപ്പോഴും നേരിട്ടിട്ടുണ്ട്. ശിവസേന പ്രതിപക്ഷത്തിരുന്നപ്പോള്‍ നേതാക്കന്‍മാരെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച്‌ കൊണ്ടു പോകുന്ന അവസ്ഥകള്‍ വരെ ഉണ്ടായിട്ടുണ്ടെന്നും ആരും തന്നെ നിയമത്തിന് അതീതരല്ലെന്നും ശിവസേന നേതാവും ഗതാഗത മന്ത്രിയുമായ അനില്‍ പരബ് പറഞ്ഞു.

ഹനുമാന്‍ കീര്‍ത്തനം ചൊല്ലിയതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ആളുകളെ ജയിലിലടക്കുന്ന ഒരു സര്‍ക്കാറില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് ദേവേദ്ര ഫഡ്നാവിസ് പ്രതികരിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ബി.ജെ.പി പോരാടുകയാണ്. രാജ് താക്കറെയും ഈ പോരാട്ടത്തില്‍ പങ്കാളിയാകണം -ഫഡ്നാവിസ് പറഞ്ഞു.

24,000 എം.എന്‍.എസ് പ്രവര്‍ത്തകരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ജയിലിലടച്ച്‌ ഉപദ്രവിച്ചതായി രാജ് താക്കറെ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആരോപിച്ചിരുന്നു. പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലുമെന്ന് രാജ് താക്കറെ നേരത്തെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

prp

Leave a Reply

*