കനത്ത മഴ: കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്; ഹൈക്കോടതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകി

കനത്ത മഴയെ തുടര്‍ന്ന് കലൂര്‍, ചിറ്റൂര്‍ റോഡ്, മേനക, എറണാകുളം സൗത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്

എറണാകുളം: ശക്തമായ മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്. കലൂര്‍, ചിറ്റൂര്‍ റോഡ്, മേനക, എറണാകുളം സൗത്ത് ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. എം.ജി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂക്ഷമായി.കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന്‍റെ ദൃശ്യം

ഇത് മൂലം ഹൈക്കോടതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ മുക്കാല്‍ മണിക്കൂറോളം വൈകി. സാധാരണ വെള്ളമുയരാത്ത മേനക ജങ്‌ഷനില്‍ ഉള്‍പ്പെടെ വെളളമുയര്‍ന്നതോടെ യാത്രക്കാരും വ്യാപാരികളുമാണ് ദുരിതത്തിലായത്. നഗരത്തിലെ പല ഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാഴാഴ്‌ച(04.08.2022) വരെ തീവ്ര മഴയ്‌ക്ക്‌ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ് ഇന്ന് മഴയ്‌ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ സജീവമാക്കുന്നത്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

prp

Leave a Reply

*