തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മധ്യ-തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത. മലയോര പ്രദേശങ്ങളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. ഇതില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ച് മാര്‍ച്ച് 21 ഓടെ ആന്തമാന്‍ തീരത്തിനു സമീപത്തു വച്ചാണ് ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യത.
മാര്‍ച്ച് 23 ഓടെ ബംഗ്ലാദേശ്-മ്യാന്മര് തീരത്ത് കരയില്‍ പ്രവേശിച്ചേക്കും. ഇന്ത്യന്‍ തീരത്തിനു ഭീഷണിയില്ലെങ്കിലും കേരളത്തില്‍ ഒറ്റപെട്ട വേനല്‍ മഴ തുടരാന്‍ സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുളള തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

