മഴ കനക്കും; തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച വരെ മഴ തുടരും.

തിരുവനന്തപുരത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ നവജോത് ഖോസെ അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.
  • നവംബര്‍ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • നവംബര്‍ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.
  • നവംബര്‍ 29: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ചക്രവാതചുഴി നിലവില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുകയാണ്. ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യൂനമര്‍ദം തെക്കന്‍ ആന്തമാന്‍ കടലില്‍ 29 ഓടെ രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആനയിറങ്ങല്‍, പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ (ഇടുക്കി), മൂഴിയാര്‍ (പത്തനംതിട്ട), പെരിങ്ങല്‍ക്കുത്ത് (തൃശൂര്‍) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. മാട്ടുപ്പെട്ടി (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വയനാട് ബാണാസുര ഡാമില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി.

prp

Leave a Reply

*