ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. തന്റെ രാജി കാര്യത്തില്‍ ഉറച്ചു നില്ക്കുന്നതായി രാഹുല്‍ അറിയച്ചു.
രാഹുലിനെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെ,സി വേണു ഗോപാലും നടത്തിയ കൂടിക്കാഴ്ച വിഫലമായി. കൂടിക്കാഴ്ചയില്‍ രാഹുല്‍ രാജിക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കി. അതേസമയം ഇന്ന് വൈകിട്ട് രാഹുല്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന വന്‍പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ എത്തിയത്. തന്റെ പിന്‍ഗാമിയായി ഒരാളെ കണ്ടെത്താന്‍ രാഹുല്‍ പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അപമാനമായി നിലനില്‍ക്കുന്ന പരാജയം രാഹുല്‍ ഗാന്ധിയെ മാനസികമായി തളര്‍ത്തുകയും അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തീരുമാനത്തില്‍ അദ്ദേഹം മാറ്റമില്ലാത്ത നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
അധ്യക്ഷസ്ഥാനത്തേക്ക് യോഗ്യനായ ഒരാളെ തെരഞ്ഞെടുക്കും വരെ ആ പദവിയില്‍ തുടരാനാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. രാഹുലിന്റെ തീരുമാനം മുതിര്‍ന്ന നേതാക്കളില്‍ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അധ്യക്ഷ പദവിയിലേക്ക് പുതിയൊരാളെ നിയോഗിക്കുന്നത് അത്ര എളുപ്പമല്ല എന്നതും പാര്‍ട്ടിക്ക് തലവേദനയാകും. രാഹുലിനെ പിന്തുടര്ന്ന് പരാജയമേറ്റുവാങ്ങേണ്ടി വന്ന വിവിധ സംസ്ഥാനങ്ങളിലെ ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളും രാജിക്കത്ത് സമര്‍പ്പിക്കുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
രാജി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനായി തന്റെ അടുക്കലേക്ക് ആരും വരേണ്ടതില്ലെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു. ഇതോടെ പുതിയ അധ്യക്ഷനുവേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് എഐസി സി ആസ്ഥാനത്ത് തുടക്കം കുറിച്ചുകഴിഞ്ഞു. പ്രധാനമായും യുവ നേതാക്കളെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
നിലവില്‍ രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്നത്. അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാന്‍ കെല്‍പ്പുള്ള നേതാവാണ് സച്ചിന്. യുവത്വവും പിന്നോക്ക പ്രാതിനിധ്യവും സച്ചിന് ഗുണം ചെയ്തേക്കാം. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ പേരും പരിഗണനയിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും സാധ്യതയില്ല.

