ഡല്ഹി: അതിര്ത്തിയില് ആറ് മാസത്തോളമായി നീണ്ടു നിന്ന സംഘര്ഷങ്ങള്ക്ക് അയവ്. പാംഗോംഗ് സോ തടാകത്തിന് സമീപത്തും നിന്നും പിന്മാറാന് തയ്യാറാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. ഇത് ഇന്ത്യ അംഗീകരിച്ചതോടെയാണ് സംഘര്ഷങ്ങള്ക്ക് അയവ് വന്നത്.
യഥാര്ത്ഥ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും ഫിംഗര് 8ലേക്ക് പിന്മാറാമെന്നാണ് ചൈന ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. ഇത് ഇന്ത്യക്ക് സ്വീകാര്യമായതോടെ മേഖലയില് വിന്യസിച്ചിരിക്കുന്ന ടാങ്കുകളും മറ്റ് ആയുധ വിന്യാസങ്ങളും ഇരു രാജ്യങ്ങളും പിന്വലിക്കും.
ഏപ്രില് മാസത്തില് നിലനിന്നിരുന്ന അതേ അവസ്ഥയിലേക്ക് കാര്യങ്ങള് മടങ്ങി പോകണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇതിന് ആദ്യം ചൈന തയ്യാറായിരുന്നില്ല. ഇതോടെ ഇന്ത്യയും മേഖലയില് സേനാ വിന്യാസം ശക്തമാക്കുകയായിരുന്നു. ചൈന പ്രതീക്ഷിക്കാത്ത അത്യാധുനിക ആയുധ സജ്ജീകരണങ്ങളാണ് ഇന്ത്യ ചുഷൂലിലും പാംഗോംഗ് മേഖലയിലും ധന് സിംഗ് ധാപ്പയിലും വിന്യസിച്ചത്. ഇതിന് പുറമെ കൊടും ശൈത്യം കൂടി ആരംഭിച്ചതോടെയാണ് ചൈന നിലപാട് മാറ്റിയത്. നവംബര് ആറിന് നടന്ന എട്ടാം ഘട്ട കോര് കമാന്ഡര് തല ചര്ച്ചയിലാണ് തീരുമാനം ഉണ്ടായത്.
ഫിംഗര് 4നും ഫിംഗര് 8നും ഇടയില് പട്രോളിംഗ് രഹിത മേഖല നിലനിര്ത്താനും നിര്ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നിരുന്നാലും നിരീക്ഷണങ്ങളിലും മുന്കരുതലുകളിലും ഒരു തരത്തിലുള്ള വിട്ടു വീഴ്ചകള്ക്കും ഇന്ത്യ തയ്യാറല്ലെന്ന് മുതിര്ന്ന വിദേശകാര്യ ഉദ്യോഗസ്ഥന് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

