പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ പുഷ്പ. സിനിമയുമായി ബദ്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധനേടാറുമുണ്ട്. ടീസറിന് ലഭിച്ച റെക്കോര്‍ഡ് നേട്ടം തന്നെ അതിന് ഉദാഹരണമാണ്. രാജമൗലി ചിത്രങ്ങളായ ആര്. ആര്. ആര്, ബാഹുബലി എന്നിവയുടെയും രാധേശ്യാമിന്റെയുമെല്ലാം റെക്കോര്‍ഡുകളാണ് ടീസര്‍ തകര്‍ത്തത്. ചിത്രം ഡിസംബറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തിയതി( release date) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തിന്റെ ആദ്യ ഭാഗമാണ് റിലീസിന് ഒരുങ്ങുന്നത്. 2021 ഡിസംബര്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമക്കായുള്ള കാത്തിരിപ്പിലാണ് അല്ലു അര്ജുന് ആരാധകര്‍. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന് ഫഹദ് ഫാസില്‍ എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

