തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന ഹോക്കി താരം പി.ആര് ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയരക്ടറായി ചുമതലയേറ്റു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുത്തത്. വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിന് സ്വീകരണവും ഒരുക്കി. ടോക്യോ ഒളിംപിക്സിലെ മെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായി തലസ്ഥാനത്ത് എത്തിയ ഹോക്കി താരം പി ആര് ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയ ശ്രീജേഷ്, താരങ്ങള്‍ ഒപ്പിട്ട ജേഴ്സി സമ്മാനിച്ചു. തുറന്ന വാഹനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്ക്. ഓഫീസ് മുറ്റത്ത് വൃക്ഷത്തെ നട്ടു. ഹോക്കി പരിശീലനത്തിനായി സ്കൂളുകളില്‍ കുട്ടികള്‍ക്ക് ടര്‍ഫുകള്‍ ഒരുക്കണമെന്ന് സ്വീകരണ ചടങ്ങില്‍ സര്‍ക്കാരിനോട് ശ്രീജേഷിന്റെ അഭ്യര്‍ഥന. ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ശ്രീജേഷ് ചുമതലയേല്‍ക്കുകയും ചെയ്തു.

