തിരുവനന്തപുരം: കൊവിഡ് കാലത്ത് പി പി ഇ കിറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കേസില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ.
ഇടപാടുകള്‍ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരു അഴിമതിയും നടന്നിട്ടില്ലെന്നും ശൈലജ പ്രതികരിച്ചു.
‘500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. അന്‍പതിനായിരം കിറ്റിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും, 15,000 വാങ്ങിയപ്പോഴേക്ക് വില കുറഞ്ഞു. അതിനാല്‍ ബാക്കി കിറ്റുകള്‍ കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയത്.’- കെ കെ ശൈലജ പറഞ്ഞു.
ആദ്യഘട്ടത്തില്‍ അടിയന്തര സാഹചര്യത്തിലാണ് പര്‍ച്ചേസ് നടത്തിയതെന്നും ജനങ്ങളുടെ ജീവന് രക്ഷിക്കാനാണ് അന്ന് പരിഗണന നല്‍കിയതെന്നും മുന്‍മന്ത്രി വ്യക്തമാക്കി. കാര്യങ്ങള്‍ ലോകായുക്തയെ ബോദ്ധ്യപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ കെ കെ ഷൈലജ അടക്കം ഒന്‍പത് പേര്‍ക്ക് ലോകായുക്ത കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍, കേസില്‍ കഴമ്ബുണ്ടെന്ന നിഗമനത്തിലെത്തിയാണ് നടപടി. ഡിസംബര്‍ എട്ടിന് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.

