വനിത ട്വന്റി20 ലോകകപ്പില്‍ ഹാട്രിക് കിരീടവുമായി ആസ്ട്രേലിയ ചരിത്രം കുറിച്ചപ്പോള്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ് സ്വന്തമാക്കിയത് അപൂര്‍വ്വ നേട്ടം.
ഏറ്റവും കൂടുതല്‍ ഐ.സി.സി കിരീടങ്ങള്‍ നേടിയവരുടെ പട്ടികയില്‍ ഇതിഹാസ നായകന്‍മാരായ റിക്കി പോണ്ടിങ്ങിനെയും എം.എസ് ധോണിയെയും മറികടന്നിരിക്കുകയാണ് മെഗ് ലാനിങ്. റിക്കി പോണ്ടിങ്ങ് നാല് കിരീടങ്ങളും എം.എസ് ധോണി മൂന്ന് ഐ.സി.സി കിരീടങ്ങളുമാണ് നേടിയത്.
എന്നാല്‍, ഓസീസ് പെണ്‍പടക്കൊപ്പം അഞ്ച് വിശ്വകിരീടങ്ങളാണ് മെഗ് ലാനിങ് നേടിയത്. ഈ അപൂര്‍വ്വ നേട്ടത്തോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായും അവര്‍ മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയത്തോടെ, തുടര്‍ച്ചയായി മൂന്ന് ട്വന്റി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ആദ്യ ക്യാപ്റ്റനായും താരം മാറി.
2022 ലെ 50 ഓവര്‍ ലോകകപ്പ് കിരീടത്തോടെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ആസ്‌ട്രേലിയയുടെ ആധിപത്യം ഉറപ്പാക്കിയ ലാനിങ്, തന്റെ ഏറ്റവും പുതിയ നേട്ടത്തോടെ നാലാം ട്വന്റി20 ലോകകപ്പ് കിരീടവും സ്വന്തമാക്കി. 2014ല്‍ ആസ്‌ട്രേലിയക്ക് മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടം നേടിക്കൊടുത്തു കൊണ്ടാണ് ലാനിങ് ആദ്യമായി ഐസിസി ട്രോഫി ഉയര്‍ത്തിയത്.
ഏകദിനത്തിലും ട്വന്റി20യിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ ലാനിങ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. താരത്തിന്റെ നേതൃത്വത്തില്‍, ശക്തരായ ആസ്‌ട്രേലിയന്‍ ടീം ഇതുവരെ 76 ട്വന്റി20കളും 69 ഏകദിനങ്ങളും വിജയിച്ചിട്ടുണ്ട്.

