വനിതാ ഉദ്യോഗസ്ഥരടക്കം യൂണിഫോമില്‍ റാംപ് വാക് നടത്തി; സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

ചെന്നൈ: സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത എ എസ് ഐ ഉള്‍പ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. തമിഴ്‌നാട് നാഗപട്ടണം എസ് പിയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിട്ടത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മത്സരം നടന്നത്.

മയിലാടുതുറൈ ജില്ലയിലെ സെമ്ബനാര്‍കോവിലില്‍ ഒരു സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യ മത്സരം നടത്തിയത്. നടി യാശിക ആനന്ദായിരുന്നു മത്സരത്തിന്റെ ഉദ്ഘാടക. പല പ്രായത്തിലുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ പരിപാടിയുടെ സംഘാടകര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് മത്സരത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. പിന്നാലെ എസ് ഐ സുബ്രഹ്മണ്യന്‍, വനിതാ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, കോണ്‍സ്റ്റബിള്‍ ശിവനേശന്‍ എന്നിവര്‍ മത്സരത്തില്‍ റാംപ് വാക് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച്‌ അടുത്ത ദിവസം മാദ്ധ്യമങ്ങളില്‍ വാര്‍ത്തക‌ള്‍ വന്നതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായത്. ഇന്നലെയാണ് എസ് പി ജി ജവഹര്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും വെവ്വേറെ സ്റ്റേഷനിലേക്ക് മാറ്റിയത്.

സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാര്‍ സംഘാടകരുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതാണെങ്കിലും അത് ഡ്യൂട്ടി ലംഘനമായതിനാലാണ് സ്ഥലം മാറ്റേണ്ടി വന്നതെന്ന് എസ് പി ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് പൊലീസുകാരോടും ഉടന്‍ ഡ്യൂട്ടിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

prp

Leave a Reply

*