ഒരു കല്ല് വന്ന് വീണാല്‍ കമ്ബി പൊട്ടി മുഖത്ത് കയറും; ഐഎസ്‌ഐ മാര്‍ക്ക് പോയിട്ട് കമ്ബനിയുടെ പേര് പോലും ഇല്ല; താഴേയുള്ളവരുടെ തല പണയം വെച്ച്‌ പുട്ടടിക്കാന്‍ ഉളുപ്പില്ലാത്ത ആസ്ഥാന പര്‍ച്ചേസ് ടീമിലെ മേലാളന്മാര്‍ക്ക് നമസ്‌കാരമെന്ന് പോലീസുകാരന്‍

കൊച്ചി ; പോലീസിന്റെ സുരക്ഷയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി നല്‍കിയ സുരക്ഷാ സാമഗ്രികള്‍ നിലവാരമില്ലാത്തതാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍.

ഒരു കല്ല് വീണാല്‍ കമ്ബി പൊട്ടി മുഖത്ത് കുത്തിക്കയറുന്ന ചിന്‍സ്ട്രാപ് കയ്യില്‍ പറിഞ്ഞ് വരുന്ന ഹെല്‍മെറ്റാണ് പോലീസുകാരുടെ സുരക്ഷയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. തന്റെ 18 കൊല്ലത്തെ സര്‍വ്വീസിനിടയിലോ പുറത്തോ ഇതുപോലൊരു ഹെല്‍മെറ്റ് കണ്ടിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഡ്യൂട്ടി സമയത്തുണ്ടായ അനുഭവമാണ് പോലീസുകാരന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോഴിക്കോട് ഡിഎച്ച്‌ക്യു ആസ്ഥാനത്ത് നിന്ന് പുതു പുത്തന്‍ ഹെല്‍മറ്റുമെടുത്ത് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഡ്യൂട്ടിക്കെത്തിയത്. എന്നാല്‍ ഹെല്‍മെറ്റ് തലയില്‍ വച്ചപ്പോഴാണ് പണി കിട്ടിയെന്ന് മനസിലായത്. വിചിത്രമായ നിര്‍മ്മിതി കാരണം മുന്നോട്ടു തൂക്കം കൂടുതലുള്ള ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ്പ് ഇട്ടപ്പോള്‍ അത് കയ്യില്‍ ഊരിവന്നു.

കയ്യിലെടുത്ത് നോക്കിയപ്പോഴാണ് മനസിലായത് ചവറ് കമ്ബികൊണ്ടാണ് മുഖ കവചം ഒപ്പിച്ചിട്ടുള്ളതാണെന്ന്. ഒരു കല്ല് വന്നു വീണാല്‍ കമ്ബി പൊട്ടി മുഖത്ത് കുത്തിക്കയറും. പുതു പുത്തന്‍ സാധനമാണെങ്കിലും പലയിടത്തും തുരുമ്ബ് പിടിച്ചിട്ടുണ്ടായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് ഇതേ അവസ്ഥ തന്നെയായിരുന്നെന്ന് പോലീസുകാരന്‍ കുറിച്ചു.

പോലീസിലെ 18 കൊല്ലത്തെ സര്‍വ്വീസിനിടയിലോ പുറത്തോ ഇതുപോലൊരു ലൊടുക്ക ഹെല്‍മെറ്റ് കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഐഎസ്‌ഐ മാര്‍ക്ക് പോയിട്ട് ഏതു കമ്ബനിയുടേതാണെന്ന് പോലും കുറിച്ചിട്ടില്ല. തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഹെല്‍മെറ്റ് അടുത്തുള്ള കടയിലേല്‍പ്പിച്ചിച്ച ശേഷം അവരുടെ ബൈക്കിന്റെ ഹെല്‍മെറ്റ് കടം വാങ്ങി ഡ്യൂട്ടി എടുത്തു. ഡിപ്പാര്‍ട്ട്‌മെന്റിലെ താഴേക്കിടയിലുള്ളവരുടെ തല പണയം വെച്ച്‌ പുട്ടടിക്കാന്‍ ഉളുപ്പില്ലാത്ത ആസ്ഥാന പര്‍ച്ചേസ് ടീമിലെ മേലാളന്മാരെയും ഉദ്യോഗസ്ഥന്‍ മൊത്തത്തില്‍ വിമര്‍ശിച്ചു.

prp

Leave a Reply

*