തിരുവനന്തപുരം: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം.
കല്ലേറില്‍ എസ്.ഐയ്ക്കും പോലീസുകാരനും പരുക്കേറ്റു. വലിയതുറ പോലീസ് സ്റ്റേഷനിലെ എസ്.ഐ: അഭിലാഷ് മോഹന്റെ കാലിനും പോലീസുകാരനായ വരുണ്ഘോഷിന്റെ നെറ്റിയിലുമാണ് പരുക്കേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജിജോബാബുവിനെ(36)യാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ വീട്ടില്‍ ശംഖുംമുഖം അസി.കമ്മീഷണര്‍ ഡി.കെ. പൃഥിരാജിന്റെ നേത്യത്വത്തിലുളള പോലീസ് നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയും കണ്ടെടുത്തു.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പതിനേഴുകാരിയുടെ വീട്ടില്‍കയറിയ പ്രതി കത്തി കാട്ടി ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വലിയതുറ പോലീസില്‍ പരാതി നല്കി. ഇത് പ്രകാരം പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വിവരങ്ങള്‍ ശേഖരിച്ചശേഷം പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ചെറിയതുറഭാഗത്തെ കടല്‍ത്തീരത്തേക്ക് ഓടിപ്പോയ പ്രതി കടല്‍ഭിത്തിക്ക് സമീപത്ത് നിന്ന് കല്ലുകളെടുത്ത് പോലീസ് സംഘത്തിന് നേരെ എറിയുകയായിരുന്നു. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്സോ കേസും മയക്കുമരുന്ന് സൂക്ഷിച്ചതിനും
പോലീസിനെ ആക്രമിച്ചതുമുള്പ്പടെ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി വലിയതുറ പോലീസ് അറിയിച്ചു.

