‘പൊതുജനത്തിന് ശല്യമായ ആളെ കസ്റ്റഡിയിലെടുത്തതിന് സസ്പെന്‍ഷന്‍ ആത്മവീര്യം ചോര്‍ത്തുന്നു’: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

കൊല്ലം: അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍.മദ്യപിച്ച്‌ അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെയാണ് പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

മദ്യാസക്തിയില്‍ പൊതുജനങ്ങള്‍ക്ക് ശല്യമായി മാറിയ ഒരാളെ കസ്റ്റഡിയിലെടുത്ത് നിയമാനുസരണമായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത് അന്യായമായിട്ടാണ്. ഇത് ഒരു തരത്തിലും നീതീകരിക്കാനാകില്ല. സംസ്ഥാന പോലീസ് സേനയുടെ ആത്മവീര്യം ചോര്‍ത്തുന്ന നടപടിയാണിതെന്നും പൊലീസ് അസോസിയേഷന്‍ വ്യക്തമാക്കി.

സസ്പെന്‍ഷന്റെ സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് KPOA സംസ്ഥാന നിര്‍വാഹക സമിതിയുടെ അടിയന്തിര യോഗം എറണാകുളത്ത് ചേരാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

കൊല്ലത്തെ പൊലീസ് – അഭിഭാഷക തര്‍ക്കത്തില്‍ കരുനാഗപ്പള്ളി എസ്. എച്ച്‌. ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. പൊലീസുകാര്‍ കുറ്റക്കാരല്ലെന്ന ഡി. ഐ. ജി യുടെ റിപ്പോര്‍ട്ട് തള്ളിയാണ് എ.ഡി.ജി.പി വിജയ് സാഖറെ പൊലീസുകാര്‍ക്ക് എതിരെ നടപടി എടുത്തത്. ഇതിനെതിരെ ഐ. പി എസ് അസോസിയേഷനും പരസ്യമായി രംഗത്തെത്തിയിരുന്നു. സസ്പെന്‍ഷന്‍ നീതികരിക്കാനാവാത്തതാണെന്നും വിമര്‍ശിച്ചു.

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ പ്രശ്നമുണ്ടാക്കിയെന്ന കുറ്റത്തിലാണ് കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ ഈ മാസം 5 ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ ബഹളം വച്ചതോടെ മറ്റ് കുറ്റങ്ങളും ചുമത്തി. എന്നാല്‍ ജയകുമാറിനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച്‌ അഭിഭാഷകരും രംഗത്തെത്തി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങി.

ഇങ്ങിനെ അഭിഭാഷകരും പൊലീസും രണ്ട് ചേരിയായി ഏറ്റുമുട്ടുന്നതിനിടെയാണ് പൊലീസുകാര്‍ക്കെതിരായ നടപടി. കരുനാഗപ്പള്ളി ളി എസ്. എച്ച്‌. ഒ ജി. ഗോപകുമാര്‍ ,എസ്. ഐ അലോഷ്യസ് അലക്സാണ്ടര്‍, ഗ്രേഡ് എസ്. ഐ ഫിലിപ്പോസ് ,സി.പി. ഒ അനൂപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അഭിഭാഷകരുടെ പരാതിയില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കാനാണ് നടപടിയെന്നും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി തുടര്‍ അന്വേഷണം നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ അഭിഭാഷകര്‍ ആരോപിക്കും പോലെ മര്‍ദനം ഉണ്ടായിട്ടില്ലെന്നായിരുന്നു ഡി. ഐ. ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ആരോപണ വിധേയനായ സി. ഐ ഗോപകുമാര്‍ ആ സമയം സ്ഥലത്തില്ലായിരുന്നെന്നും കണ്ടെത്തിയിരുന്നു. അതിനാല്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പിയും നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് വിജയ് സാഖറയുടെ നടപടി. അഭിഭാഷകരുടെ സമ്മര്‍ദത്തിന് മുന്നില്‍ നിരപരാധികളായ പൊലീസുകാരെ എ.ഡി.ജി.പി ബലിയാടാക്കിയെന്നാണ് വ്യാപക വിമര്‍ശനം.

prp

Leave a Reply

*