തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍, നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും.
ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, പിഎസ് സുധ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ഉദ്യോഗസ്ഥ കുട്ടിയോട് മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയിലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്താല്‍ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. കോടതി ചെലവായി 25,000 രൂപ കെട്ടിവെയ്ക്കണമെന്നും പെണ്‍കുട്ടിയോട് മോശമായി പെരുമാറി ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനും കോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു സംഭവം. ഐഎസ്‌ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ ലഭിച്ചു.

