കണ്ണൂര്‍: പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് ആഹ്വാനം ചെയ്ത ഏഴുമണിക്കൂര്‍ സമരം തുടങ്ങി. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമരം.
എന്നാല്‍ സമരത്തില്‍ നിന്ന് കണ്ണൂര്‍, മലപ്പുറം ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പ് ഉടമകള്‍ തിങ്കളാഴ്ച നടത്തുന്ന പണിമുടക്കില്‍ ജില്ലയിലെ പമ്പുകള്‍ പങ്കെടുക്കില്ലെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.വി രാമചന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷാക്കാലം, അടുത്ത ദിവസം നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണു സമരത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
രാത്രികാലങ്ങളിലും മറ്റും പമ്പുകള്‍ക്ക് നേരെ അക്രമമുണ്ടാകുന്നത് പലതവണ പരാതിപ്പെട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൗരവമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് സമരത്തിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും അടച്ചിടുമെന്ന് അസോസിയേഷന് അറിയിച്ചു.
