13 മക്കളെ ചങ്ങലക്കിട്ട് വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടിയ മാതാപിതാക്കള്‍ കുറ്റക്കാര്‍

ലോസ്ഏഞ്ചലസ്: രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെ ചങ്ങലക്കിട്ട് വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടിയ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഡേവിഡ് അലന്‍ ടര്‍പിന്‍(58) ലൂയിസ് അന്ന ടര്‍പിന്‍(50) ദമ്പതിമാരാണ് സ്വന്തം മക്കളെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

14 തീവ്രമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ തെളിയിക്കപ്പെട്ടത്. ലോസ്ഏഞ്ചലസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് കേസിനാസ്പദമായ സംഭവം. 2018 ജനുവരിയിലാണ് മനുഷ്യരാശിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ മക്കളോടു പെരുമാറിയ ഡേവിഡ് ടര്‍പിനെയും ഭാര്യ ലൂയിസ് ടര്‍പിനെയും കുറിച്ചു പുറംലോകം അറിയുന്നത്. പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് 13 മക്കളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ മാതാപിതാക്കളെക്കുറിച്ചു പുറം ലോകമറിയുന്നത്.

തന്‍റെ പന്ത്രണ്ട് സഹോദരങ്ങളെയും ശിക്ഷിക്കാനായി കട്ടിലില്‍ കെട്ടിയിട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഓടി രക്ഷപ്പെടുന്നത്. വീട്ടിലുണ്ടായിരുന്ന ഡീ ആക്റ്റിവേറ്റ് ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് എമര്‍ജന്‍സി നമ്പറിലേക്കു ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തങ്ങള്‍ തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയാകാറുണ്ടെന്നും ചില സമയത്ത് കഴുത്തു ഞെരിക്കുക പോലും ചെയ്യാറുണ്ടെന്നും മകള്‍ വ്യക്തമാക്കിയിരുന്നു.

തുടക്കത്തില്‍ കയര്‍ ഉപയോഗിച്ചാണ് കെട്ടിയിട്ടിരുന്നതെങ്കില്‍ പിന്നീട് ചങ്ങല കൊണ്ടായി. ചില സമയങ്ങളില്‍ ഇതു മാസങ്ങളോളം നീളാറുണ്ടെന്നും പറയുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കുട്ടികള്‍ക്ക് കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കൈത്തണ്ടയ്ക്കു മുകളില്‍ കഴുകാനിടയായാല്‍ വെള്ളത്തില്‍ കളിച്ചു എന്ന കാരണം പറഞ്ഞ് വീണ്ടും കെട്ടിയിടും. വിശപ്പകറ്റാന്‍ ഭക്ഷണം കൊടുക്കാതെ സദാസമയം കട്ടിലില്‍ കെട്ടിയിടുകയായിരുന്നു.

17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടവില്‍ നിന്ന് രക്ഷപ്പെട്ട് പോലീസിലറിയിച്ചതോടെയാണ് മറ്റ് 12പേരെയും പുറത്തെത്തിച്ച് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്. സഹായം അഭ്യര്‍ഥിച്ചെത്തിയ 17വയസ്സുകാരിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അന്ന് പറഞ്ഞത്. പൂട്ടിയിട്ട ഏഴ് കുട്ടികള്‍ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു.

സഹോദരി നല്‍കിയ വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാന്‍ പൊലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉള്‍ഭാഗം. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു.

അഞ്ച് വര്‍ഷത്തോളമായി മകനെയും മരുമകളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു ഡേവിഡ് ടര്‍പിന്‍റെ രക്ഷിതാക്കളായ ജെയിംസ് ടര്‍പിനും ബെറ്റി ടര്‍പിനും അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടികള്‍ അടുത്തില്ലാത്തപ്പോഴാണ് അവര്‍ പലപ്പോഴും വിളിച്ചിരുന്നതെന്നും ടര്‍പിന്‍ പറഞ്ഞിരുന്നു. തന്‍റെ കരിയറില്‍ കണ്ട ഏറ്റവും വലിയ ശിശുപീഡന കേസാണ് ഇതെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മിഷേല്‍ ഹെസ്ട്രിന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*