പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക് നയിച്ചത് വിജിലന്‍സിന്‍റെ ഈ മൂന്ന് കണ്ടെത്തല്‍

കോഴിക്കോട്: പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിക്കേസില്‍ കരാര്‍ കമ്ബനിക്ക് വഴിവിട്ട സഹായം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നല്‍കിയെന്ന വിജിലന്‍സിന്‍റെ കണ്ടെത്തലാണ് ഒടുവില്‍ അറസ്റ്റിലേക്ക് നയിച്ചത്. കേസില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസിലെ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

മാര്‍ച്ച്‌ ഒമ്ബതിന് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന്‍റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച ഇന്‍കം ടാക്സ് രേഖയില്‍ നാലരക്കോടി രൂപ അദ്ദേഹത്തിന്‍റെ കൈയില്‍ നിന്ന് കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ പണം കൈക്കൂലിയായി ലഭിച്ച തുകയാണെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.

പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് കരാര്‍ കമ്ബനിയായ ആര്‍.ഡി.എസിന് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ തുക അനുവദിച്ചുവെന്നതാണ് അടുത്ത കണ്ടെത്തല്‍. മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്ന നിലക്കാണ് ഈ തുക അനുവദിച്ചത്. ഏഴ് ശതമാനം പലിശക്കാണ് വായ്പ അനുവദിച്ചത്. സാധാരണ ഗതിയില്‍ 13.5 ശതമാനം പലിശക്കാണ് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കാറ്. ഈ ചട്ടം മറികടന്ന് വായ്പ അനുവദിച്ചതിലൂടെ 85 ലക്ഷം സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് രണ്ടാമത്തെ കണ്ടെത്തല്‍.

പാലത്തിന്‍റെ ഗുണനിലവാരത്തിലും ഡിസൈനിങ്ങിലും വീഴ്ചവരുത്തിയതിലൂടെ 13 കോടി രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയതായാണ് മൂന്നാമത്തെ കണ്ടെത്തല്‍. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് അവകാശപ്പെടുന്നത്.

കേസില്‍ നേരത്തെ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജാണ് അഴിമതിയില്‍ മുന്‍മന്ത്രിയുടെ പങ്ക് സംബന്ധിച്ച്‌ ആദ്യം വിജിലന്‍സിനോട് വെളിപ്പെടുത്തിയത്. മന്ത്രിയുടെ അറിവോടെയാണ് മുന്‍ കൂര്‍ തുക അനുവദിച്ചതെന്നും പലിശയില്ലാതെ തുക നല്‍കാനാണ് മന്ത്രി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഏഴ് ശതമാനം പലിശ നിശ്ചയിച്ചത് താനാണെന്നുമായിരുന്നു സൂരജ് നല്‍കിയ മൊഴി. ഇത് മന്ത്രിയുടെ പങ്ക് സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായകമായി.

prp

Leave a Reply

*