പഴനി – ശബരിമല തീര്‍ഥാടന ഹൈവേ ഇടുക്കിക്ക് നഷ്‌ട‌പ്പെട്ടേക്കും; കേന്ദ്രമന്ത്രി നേരിട്ട്‌ പ്രഖ്യാപിച്ച പദ്ധതി

ചെറുതോണി > പഴനി – ശബരിമല തീര്‍ഥാടന ഹൈവേ ഇടുക്കിക്ക് നഷ്ടപ്പെട്ടേക്കും. രണ്ടര വര്‍ഷമായി തുടര്‍പ്രവര്‍ത്തനങ്ങളോ ഇടപെടലുകളോ ഉണ്ടാകാത്തതാണ് കാരണം. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ഡോ. നിതിന്‍ ഗഡ്കരി മൂന്നാറില്‍ നേരിട്ടെത്തിയാണ് 2018ല്‍ പുതിയ ഹൈവേ പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ പഴനിയെയും ശബരിമലയെയും തമ്മില്‍ റോഡുമാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പ്രഖ്യാപനമാണ് അന്നുണ്ടായത്.

ഇരുസംസ്ഥാനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സംസ്ഥാനാന്തര പാതയ്ക്ക് 377 കിലോമീറ്റര്‍ ദൂരമാണ് പ്രാഥമിക എസ്റ്റിമേറ്റില്‍ നിശ്ചയിച്ചിരുന്നത്. കേന്ദ്രഹൈവേ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 2150 കോടിയുടെ പ്രാഥമിക എസ്റ്റിമേറ്റും തയ്യാറാക്കി നല്‍കിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയപാത വികസന പദ്ധതിയായിരുന്ന 381.6 കോടിയുടെ മൂന്നാര്‍ – പൂപ്പാറ–- ബോഡിമെട്ട് പാതയുടെ ഉദ്ഘാടനത്തിന് നിതിന്‍ ഗഡ്കരി മൂന്നാറില്‍ എത്തിയപ്പോഴായിരുന്നു തീര്‍ഥാടന ഹൈവേ പ്രഖ്യാപിച്ചത്.

പാര്‍ലമെന്റിനകത്തും ഹൈവേ മന്ത്രാലയം കേന്ദ്രീകരിച്ചും മുന്‍ എംപി ജോയ്സ് ജോര്‍ജ് നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് തീര്‍ഥാടന ഹൈവേ അനുവദിച്ചത്. ജില്ലയുടെ കാര്‍ഷിക, ടൂറിസം വികസന സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നതാണ് നിര്‍ദിഷ്ട ഹൈവേ. കാര്‍ഷിക മേഖലയിലൂടെ പോകുന്ന ഹൈവേ ഒരേ സമയം തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കര്‍ഷകര്‍ക്കും വലിയ പ്രതീക്ഷ നല്‍കിയിരുന്നു. നാണ്യവിളകള്‍ തമിഴ്നാട്ടിലെ വാണിജ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ വ്യാപാരമേഖലയുടെ കുതിപ്പിനും ഹൈവേ ലക്ഷ്യം വച്ചിരുന്നു.

prp

Leave a Reply

*