വാഷിങ്ടണ് ഡി.സി: ഇന്ത്യയുടെ സൂപ്പര് സോണിക് മിസൈല് പാകിസ്താനില് പതിച്ചത് അബദ്ധത്തില് സംഭവിച്ചതാകാനാണ് സാധ്യതയെന്ന് അമേരിക്ക.
മിസൈല് പതനം ആസൂത്രിതമായി ചെയ്തതല്ലെന്നും സാങ്കേതിക തകരാര് കാരണം സംഭവിച്ചുപോയതാണെന്നുമാണ് തങ്ങളുടെ ഇന്ത്യന് പങ്കാളികളില് നിന്ന് വിവരം ലഭിച്ചതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് വക്താവായ നെഡ് പ്രൈസ് പറഞ്ഞു.
മിസൈല് പതിച്ചതുമായി ബന്ധപ്പെട്ട തുടര്സംശയങ്ങള് നിവാരണം ചെയ്യാന് ഇന്ത്യന് പ്രതിരോധ മന്ത്രാലയവുമായി സംസാരിക്കാന് മാധ്യമങ്ങളോട് നെഡ് പ്രൈസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്ത്യ കൃത്യമായി മാര്ച്ച് ഒമ്ബതിന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ടെന്നും അതിനപ്പുറം തങ്ങള്ക്ക് ഈ വിഷയത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കഴിഞ്ഞ മാര്ച്ച് ഒമ്ബതിനാണ് ഇന്ത്യന് സൂപ്പര്സോണിക് മിസൈല് ലഹോറില് നിന്ന് 275 കിലോമീറ്റര് അകലെ മിയാന് ചന്നുവിനടുത്തുള്ള ഒരു കോള്ഡ് സ്റ്റോറേജ് വെയര്ഹൗസില് പതിച്ചത്. സാങ്കേതിക തകരാര് കാരണം പതിവ് അറ്റകുറ്റപ്പണികള്ക്കിടെ മിസൈല് ‘അബദ്ധത്തില് തൊടുത്തുവിട്ടതാണെ’ന്നാണ് ഇന്ത്യ പ്രസ്താവനയില് അറിയിച്ചത്.
സംഭവത്തില് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. എന്നാല് മിസൈല് അബദ്ധത്തില് പതിച്ചത് സംബന്ധിച്ച ഇന്ത്യയുടെ “ലളിത വിശദീകരണം” തൃപ്തികരമെല്ലെന്നും സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വസ്തുതകള് കൃത്യമായി കണ്ടെത്താന് സംയുക്ത അന്വേഷണം വേണമെന്നും പാകിസ്താന് വിദേശകാര്യ ഓഫിസ് മറുപടിയായി പറഞ്ഞു.

