ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലിന്റെ സമയത്ത് ഇന്ത്യയ്ക്കെതിരായ ആക്രമണം പാകിസ്താന് വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. 778 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയില്‍ ഈ വര്‍ഷം ആദ്യ ഒമ്ബത് മാസത്തിനിടെ പാകിസ്താന് വലിയ രീതിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതായാണ് വിവരം. പാകിസ്താന് നടത്തിയ കരാര്‍ ലംഘനം കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഉണ്ടായ വാര്‍ഷിക കണക്കുകളെയെല്ലാം പിന്തള്ളുന്നതാണ്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ജനുവരി 1 മുതല്‍ സെപ്തംബര്‍ 7 വരെ നിയന്ത്രണരേഖയില്‍ 3186 തവണ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി പറയുന്നു.
ഇതിന് പുറമെ ജനുവരി-ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ കശ്മീരിലെ 198 കിലോമീറ്റര്‍ വരുന്ന അന്തര്‍ദേശീയ അതിര്‍ത്തിയില്‍ 242 തവണ അതിര്‍ത്തി ലംഘിച്ചുള്ള വെടിവയ്പ് നടന്നതായും പറയുന്നു. ലഡാക്കില്‍ അതിര്‍ത്തിയില്‍ ചൈന ഇന്ത്യയ്ക്കെതിരെ തിരിഞ്ഞത് മുതല്‍ പാകിസ്താനും ഇന്ത്യയ്ക്കെതിരെ പ്രകോപനമുണ്ടാക്കുകയായിരുന്നു. മെയ് മുതല്‍ ഓരോ മാസവും 350-400 വരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നിട്ടുണ്ട്.
‘ഇന്ത്യയ്ക്കെതിരായ നീക്കങ്ങളിലൂടെ പാകിസ്താന് തങ്ങളുടെ സഖ്യകക്ഷിയായ ചൈനയെ പിന്തുണയ്ക്കുകയായിരുന്നു. ഇതിന് പുറമെയാണ് പാകിസ്താന് ഇന്ത്യയിലേക്ക് തീവ്രവാദികളുടെ കടന്ന്കയറ്റത്തേയും പിന്തുണച്ച് കൊണ്ടിരുന്നത്. എന്നാല്‍ പാകിസ്താന്റെ ഓരോ ആക്രമണ നീക്കത്തിനും, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും സൈന്യം കൃത്യമായി കനത്ത മറുപടി നല്‍കിയതായി’ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് വ്യക്തമാക്കി. ആണവായുധ ശക്തിയുള്ള രണ്ട് അയല്‍രാജ്യങ്ങളോട് ഒരേ സമയം ചെറുത്തു നില്ക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നുവെന്നും, എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥന് വ്യക്തമാക്കി.

