ഇമ്രാന്‍ എന്നല്ല പാകിസ്ഥാനില്‍ ആരുവന്നിട്ടും കാര്യമില്ല, ഭരിക്കണമെങ്കില്‍ ഇന്ത്യക്കെതിരെ പട്ടാളം പറയുന്ന ഈ ഒരു കാര്യം ചെയ‌്‌തേ പറ്റൂ

പുതിയ സംഭവവികാസങ്ങളോടെ ഭരണഘടനാ പ്രതിസന്ധിയിലായ പാകിസ്ഥാനില്‍ അടുത്ത നീക്കം ആരുടേതെന്ന് കണ്ടുതന്നെ അറിയണം.

ദേശീയ അസംബ്ളി പിരിച്ചുവിട്ടതില്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴത്തെ നിലയില്‍, പാകിസ്ഥാന്‍ ഇടക്കാല തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നുവെന്നു വേണം കരുതാന്‍. അതുവരെ ഇമ്രാന്‍ ഖാന്റെ കാവല്‍ മന്ത്രിസഭയാണ് അധികാരത്തില്‍. ഇത് ഇന്ത്യാ നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല.

ഇന്ത്യാ വിരുദ്ധത പാകിസ്ഥാനില്‍ അധികാരമേറ്റ എല്ലാ സര്‍ക്കാരുകളുടെയും അടിസ്ഥാന നയമായിരുന്നു. കാശ്മീര്‍ നയത്തില്‍ മാറ്റം വരുത്താന്‍ പാകിസ്ഥാനിലെ ഒരു സര്‍ക്കാരിനും ആവില്ല. കാശ്മീര്‍ തീവ്രവാദികള്‍ക്ക് അവര്‍ പിന്തുണ നല്‍കുകയും ചെയ്യും. അത് പാക് സൈന്യത്തിന്റെ ഔദ്യോഗിക നയമാണ്. ഇനി തിരഞ്ഞെടുപ്പു കാലമായതിനാല്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാരിനെ ഒരു രീതിയിലും പിന്തുണയ്ക്കാന്‍ പാകിസ്ഥാനു കഴിയില്ല. മറിച്ച്‌ ഹിന്ദുത്വത്തില്‍ ഊന്നിയുള്ള വിമര്‍ശനങ്ങള്‍ ശക്തിപ്പെടാനാണ് സാദ്ധ്യത.

പാക് രാഷ്ട്രീയത്തെ കുഴച്ചുമറിച്ച പ്രതിസന്ധിയില്‍ രണ്ടു തവണയാണ് ഇന്ത്യ പരാമര്‍ശിക്കപ്പെട്ടത്. ഒന്ന്: ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തെ ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചു. അതായത് ഇന്ത്യ ഒരേസമയം റഷ്യയുമായും അമേരിക്കയുമായും തന്ത്രപരമായ ബന്ധവും സൗഹൃദവും നിലനിറുത്തുന്നു. രണ്ട്: ഇമ്രാന്‍ ഖാന്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു. തന്റെ ഭരണം അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഇമ്രാന്‍ ആരോപിക്കുന്നു. ഈ രണ്ട് പരാമര്‍ശങ്ങളും നിലവിലെ പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ചിലവാകുന്ന ന്യായം മാത്രമാണ്.

ഇമ്രാന്റെ ഭരണം ഇന്ത്യയോട് തീര്‍ത്തും ശത്രുതാ മനോഭാവമാണ് പുലര്‍ത്തിയത്. കിട്ടിയ അവസരങ്ങളിലെല്ലാം ഇമ്രാന്‍ ഇന്ത്യയെ അതിശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്നു. അത്തരം സമീപനത്തിന്റെയും വിമര്‍ശനത്തിന്റെയും അടിസ്ഥാന കാരണം ഇന്ത്യ പാകിസ്ഥാന്‍ ബന്ധത്തെ സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കാശ്മീര്‍ തര്‍ക്കം, ഇന്ത്യയെ ലക്ഷ്യംവച്ചുള്ള തീവ്രവാദ പ്രവര്‍ത്തനം എന്നിവയാണ്. പാക് ഭരണകൂടത്തിന്റെ ഇന്ത്യാവിരുദ്ധ മനോഭാവം കൂടുതല്‍ ശക്തമായിത്തന്നെ തുടരും.
2018ല്‍ അധികാരത്തില്‍ വന്നതു മുതല്‍ ബി.ജെ.പിയുടെ വലതുപക്ഷ നയങ്ങളുടെ പ്രത്യേകിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളെ ഇമ്രാന്‍ഖാന്‍ ശക്തമായി വിമര്‍ശിച്ചു. ഇന്ത്യ ഹിന്ദു തീവ്രവാദ രാഷ്ട്രമാണെന്ന് അദ്ദേഹം പല ആവര്‍ത്തി ഊന്നിപ്പറഞ്ഞു. ചൈനയുമായി ബന്ധം ശക്തിപ്പെടുത്തി, ഇന്ത്യയ്‌ക്കെതിരെ അഫ്ഗാനിസ്ഥാനെയും ഉള്‍പ്പെടുത്തി ഒരു പുതിയ സഖ്യം രൂപപ്പെടുത്താന്‍ ഇമ്രാന്‍ഖാന്‍ പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. എന്തുകൊണ്ട് ഖാന്‍ ഇത്തരത്തില്‍ ഒരു ഇന്ത്യാവിരുദ്ധ നയം സ്വീകരിച്ചു? പാകിസ്ഥാനില്‍ സൈന്യത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന സര്‍ക്കാരിന്റെ നിലനില്പിന്റെ പ്രശ്നമായതിനാലാണ് അത്.

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ചൈന അച്ചുതണ്ട് ശക്തിപ്പെടാനാണ് സാദ്ധ്യത. ഇസ്ളാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത് ഈയിടെ ചൈനീസ് വിദേശകാര്യമന്ത്രി കാശ്മീര്‍ വിഷയം ഉന്നയിച്ചത് പാകിസ്ഥാനെ പ്രീതിപ്പെടുത്താനാണ്. പാക് അധിനിവേശ കാശ്മീരിലൂടെ കടന്നുപോകുന്ന ചൈന പാക് സാമ്ബത്തിക ഇടനാഴിയും ഇവരുടെ ബന്ധം ശക്തിപ്പെടുത്തും. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും ഇന്ത്യ പാകിസ്ഥാന്‍ ബന്ധം വഷളാക്കുവാനേ ഉതകൂ. ഇമ്രാന്‍ഖാന്റെ പൊടുന്നനെയുള്ള റഷ്യന്‍ സന്ദര്‍ശനവും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായി കാണാവുന്നതാണ്.

പാക് തിരഞ്ഞെടുപ്പു വേളയില്‍ കാശ്മീര്‍ പ്രശ്നവും ഇന്ത്യയ്‌ക്കെതിരെയുള്ള വിശുദ്ധയുദ്ധവും പ്രചാരണ വിഷയങ്ങളായിരിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ തീവ്രവാദ നിലപാടുകള്‍ ആളിക്കത്തിച്ച്‌ രാഷ്ട്രീയ വിജയത്തിനു ശ്രമിക്കും. ഇമ്രാന്റെ കാവല്‍ സര്‍ക്കാരിന് ഇന്ത്യാ ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു അവസരവും ലഭിക്കാന്‍ തീരെ സാദ്ധ്യതയില്ല. ഈ ഘട്ടത്തില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് നല്‍കിവരുന്ന സഹായവും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചേക്കും. പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യ പാക് ബന്ധത്തെ വീണ്ടും അസ്വസ്ഥമാക്കുമെന്ന് ചുരുക്കം.

prp

Leave a Reply

*