തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം; രോഗികളെ പ്രവേശിപ്പിക്കുന്നില്ല

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം. കിടത്തിചികിത്സക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചു. വാക്സിന്‍ തീര്‍ന്നതോടെ വാക്സിന്‍ നല്‍കുന്നതും നിര്‍ത്തിവെച്ചു. കോവിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാവാത്തതിനാല്‍ ആന്‍റിജന്‍ ടെസ്റ്റും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും ശനിയാഴ്ച മുതല്‍ പൂര്‍ണമായും നിര്‍ത്തി വെച്ചു.

നിലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കില്‍ മൂന്നും രണ്ടും നിലയിലായി 72 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ്​ ഒരുക്കിയത്. ഇതില്‍ മൂന്നാം നിലയിലെ 42 ബെഡോട് കൂടിയ കിടത്തി ചികിത്സ മാത്രമാണ് ആരംഭിച്ചത്. ഇത് പൂര്‍ണമായും സെട്രലൈസ്ഡ് ഓക്സിജന്‍ സിസ്റ്റത്തിലാണ് പ്രവര്‍ത്തനം.

എട്ട്​ വലിയ സിലിണ്ടറിലാണ് സെന്‍്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവെച്ചാണ്​ മുന്നോട്ട്​ പോകുന്നത്​. നിലവില്‍ 39 രോഗികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കഴിയുന്ന ഓരോ സിലിണ്ടറും മണിക്കൂറുകളോളം ക്യൂ നിന്നാണ് നിറച്ച്‌ കിട്ടുന്നത്. കോഴിക്കോട് ആസ്ഥാന മായ കമ്ബനിയാണ് താലൂക്ക് ആശുപത്രി ഓക്സിജന്‍ നിറക്കുന്നതിന്​ ടെന്‍ഡര്‍ എടുത്തിട്ടുള്ളത്. കമ്ബനിയുടെ കയ്യിലും എക്സ്ട്ര സിലിണ്ടറില്ല. അതിനാല്‍ കോഴിക്കോട് നിന്നെത്തി കാലിയായ സിലിണ്ടര്‍ നിറച്ച്‌ തിരിച്ച്‌ ഹോസ്പിറ്റലില്‍ എത്തിക്കുകയാണ് പതിവ്.

രോഗികള്‍ 39 ആയതോടെ 8 സിലിണ്ടറും പ്രവര്‍ത്തിക്കുകയാണ്. ഒന്ന് കഴിഞ്ഞാല്‍ നിറക്കുകയാണ് ഇപ്പോള്‍. കോഴിക്കോട് നിന്നെത്താന്‍ സമയമെടുക്കുന്നതിനാല്‍ ജില്ല കലക്ടര്‍ ഇടപെട്ട് ചേളാരി പ്ലാന്‍റില്‍ നിന്ന് നിറക്കാന്‍ സൗകര്യം ചെയ്ത്നല്‍കി. ഇതോടെ ഓരോന്ന് തീരുമ്ബോള്‍ നീണ്ട ക്യൂ നിന്നാണ് ചേളാരിയില്‍ നിന്ന് നിലവില്‍ താലൂക്ക് ആശുപത്രിഓക്സിജന്‍ നിറക്കുന്നത്. 30 സിലിണ്ടര്‍ ലഭ്യമായാല്‍ കോവിഡ് സെന്‍്ററിലെ 72 കിടത്തി ചികിത്സയും പൂര്‍ണമായും തുടങ്ങാം എന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിലെ 8 സിലിണ്ടര്‍ ഓക്സിജന്‍ തന്നെ 39 രോഗികള്‍ക്ക് തികയാതെ വരുന്നതിനാലാണ് പുതിയ കിടത്തി ചികിത്സ നിര്‍ത്തി വെച്ചിരിക്കുന്നത്. കൂടുതല്‍ സിലിണ്ടര്‍ ലഭ്യമാക്കാന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്.

prp

Leave a Reply

*