ഏകദിന ലോകകപ്പിന് ഇന്ന് ആവേശപ്പോരാട്ടത്തോടെ തുടക്കം

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. 11 വേദികളിലായി 10 ടീമുകൾ ലോകകിരീടത്തിനായി പോരടിക്കും. ഓവൽ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുന്നത്. ജൂലൈ 14ന് ലോർഡ്‌സ് സ്റ്റേഡിയത്തിലാണ് ഫൈനൽ. വൈകീട്ട് മൂന്നിന് ഓവലിലാണ് മത്സരം

ശതകോടിയിലധികം ഹൃദയങ്ങളുടെ താളമാണ് കോഹ്‌ലിക്കും സംഘത്തിനും ഭാവുമകമോതുന്നത്. 1983ൽ കപിലിന്‍റെ കൂട്ടം വെസ്റ്റിൻഡ്യൻ ഗർവിനെ എറിഞ്ഞൊതുക്കി ക്രിക്കറ്റിന്‍റെ ചെങ്കോലും കിരീടവും ഏറ്റുവാങ്ങിയ മണ്ണിൽ വീണ്ടും സിംഹാസനമേറാൻ കോലിപ്പടയ്ക്ക് കരുത്തുണ്ട്. പത്ത് ടീമും പരസ്പരം പോരടിക്കുന്ന റൗണ്ട് റോബിൻ മട്ടിലായതിനാൽ ഏറ്റവും മികച്ചവർ തന്നെ അവസാന നാലിലേക്കെത്തും. കടലാസിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമെല്ലാം കരുത്തരാണ്. പക്ഷെ അന്നന്നത്തെ മികവ്, അതിലാണ് കാര്യം.

ക്രിക്കറ്റിന്‍റെ തറവാട്ടിലേക്ക് ആവേശപ്പൂരമെത്തുമ്പോൾ മഴമേഘങ്ങൾ തടസം നിൽക്കാതിരുന്നാൽ മതി. ആകാശം മൂടിയാൽ ഇടത്തോട്ടും വലത്തോട്ടും മൂളിപ്പറക്കുന്ന പന്തുകൾ ഇംഗ്ലണ്ടിലെ സ്ഥിരം കാഴ്ചയാണ്. പിന്നെ ബാറ്റ്‌സ്മാന്‍റെ ചങ്കിടിപ്പ് കൂടും. പക്ഷെ സന്നാഹമത്സരങ്ങളിൽ ചിതറിയ തീപ്പൊരികൾ പ്രതീക്ഷ പകരുന്നുണ്ട്. മഴക്കാറിലും വെടിക്കെട്ടുണ്ടാകും. ആറു ദിവസം കൂടി കാത്തിരിക്കണം നമുക്ക് ആവേശക്കെട്ടഴിക്കാൻ. സതാംട്ടണിൽ ബുധനാഴ്ച ആഫ്രിക്കൻ കരുത്തിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

prp

Leave a Reply

*