നിയമസഭ കയ്യാങ്കളി കേസ് : ഇടത് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് അഭിഭാഷകയെ മാറ്റി സംസ്‌ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലുമുള്‍പ്പെടെ പ്രതികളായ നിയമസഭ കയ്യാങ്കളി കേസില്‍ അഭിഭാഷകയെ മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബീന സതീഷിനെയാണ് കേസില്‍ നിന്നും മാറ്റിയത്. പകരം, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയില്‍ കുമാറിന് കേസിന്റെ നടത്തിപ്പ് കൈമാറി. ഇതുസംബന്ധിച്ച ഉത്തരവിറക്കിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ്.

നേരത്തെ, കേസ് പിന്‍വലിക്കാനുള്ള ഉത്തരവിനെ പ്രോസിക്യൂട്ടര്‍ ബീന സതീഷ് അനുകൂലിച്ചില്ലെന്ന് ഇടത് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അഭിഭാഷകയെ മാറ്റുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് വി.ശിവന്‍കുട്ടിയാണ്. നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരെക്കൂടാതെ അന്നത്തെ എംഎല്‍എമാരായിരുന്ന കെ.അജിത്ത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് പ്രതികള്‍. നിയമസഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്.

prp

Leave a Reply

*