മയ്യില്‍: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയപാതയുടെ നിര്‍മാണം മറ്റ് പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ 2025ഓടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി പി.എ.
മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മയ്യില്‍-കാഞ്ഞിരോട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിന് കിഫ്ബി വലിയ കുതിപ്പാണ് നല്‍കിയത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 412 പി.ഡബ്ല്യു.ഡി പ്രവൃത്തികളാണ് നടക്കുന്നത്. ഇതില്‍ 35 റോഡും നാല് പാലവും പൂര്‍ത്തിയായി. 111 പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന പ്രവൃത്തികള്‍ കാലതാമസം ഇല്ലാതെ പൂര്‍ത്തിയാക്കും. ജോലികള്‍ക്ക് സമയപരിധി നിശ്ചയിച്ച് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തളിപ്പറമ്ബ്, കണ്ണൂര്‍ നിയോജക മണ്ഡലത്തെ ബന്ധിപ്പിച്ച് മയ്യില്‍, കുറ്റ്യാട്ടൂര്‍, മുണ്ടേരി, കൂടാളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് 24.55 കോടി രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. മയ്യില്‍ ടൗണില്‍നിന്നും ആരംഭിച്ച് ചെറുവത്തലമൊട്ട വഴി മായന്മുക്കില് എത്തുന്ന റോഡിന് 9.7 കിലോമീറ്റര്‍ നീളവും പത്ത് മീറ്റര്‍ വീതിയുമുണ്ട്. പയ്യന്നൂര്‍, തളിപ്പറമ്ബ് ഭാഗത്തുള്ളവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്താനുള്ള എളുപ്പവഴികളില്‍ ഒന്നാണിത്. മന്ത്രി എം.വി. ഗോവിന്ദന് അധ്യക്ഷത വഹിച്ചു. എം. ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ വിശിഷ്ടാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. റെജി (കുറ്റ്യാട്ടൂര്‍), കെ.കെ. റിഷ്ന (മയ്യില്‍), പി.കെ. ഷൈമ (കൂടാളി), ജില്ല പഞ്ചായത്ത് അംഗം എന്‍.വി. ശ്രീജിനി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

