കൂടുതല്‍ സ്‌മാര്‍ട്ടായി കൊച്ചി; നഗരത്തില്‍ ഇനി ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനം

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ കൊച്ചിയിലെ ഗതാഗത നിയന്ത്രണം അടിമുടി സ്മാര്‍ട്ടാകുന്നു. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയായിരിക്കും നഗരത്തിലെ ഗതാഗതം ഇനി നിയന്ത്രിക്കുക. നിയമ ലംഘകരെ കൈയോടെ പിടികൂടാനും കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 19ന് നടത്തും.

സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ടെക്നോളജി ബേയ്സ്ഡ് ഇന്‍റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്‌നലുകള്‍, കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്, നിരീക്ഷണ ക്യാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സജ്ജമാക്കിയിരിക്കുന്നത്.

നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകളാണ് പ്രധാന ആകര്‍ഷണം. നിലവിലെ സംവിധാനമനുസരിച്ച്‌ റോഡില്‍ വാഹനമില്ലെങ്കില്‍ പോലും സിഗ്നല്‍ ലൈറ്റ് പച്ച തെളിയുന്നതുവരെ വാഹനങ്ങള്‍ കാത്തു നില്‍ക്കണം. എന്നാല്‍ ഐടിഎംഎസ് എത്തുന്നതോടെ ഈ കാത്തു നില്‍പ്പ് ഒഴിവാക്കാം.

വാഹനങ്ങള്‍ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നല്‍കിയാണ് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നത്. റഡാര്‍ സംവിധാനം ഉപയോഗിച്ച്‌ വാഹനത്തിരക്ക് അനുസരിച്ച്‌ ഓട്ടോമാറ്റിക്കായി സിഗ്നല്‍ സമയം ക്രമീകരിക്കും. കൊച്ചി നഗരത്തിലും പുറത്തുമായി 21 പ്രധാന ജംഗ്ഷനുകളിലാണ് സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ തിരക്കനുസരിച്ച്‌ ഗതാഗതം സുഗമമാക്കാന്‍ ഇതു വഴി കഴിയും.

കാല്‍നടയാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ പെലിക്കണ്‍ സിഗ്നലുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. തിരക്കേറിയ ഷണ്‍മുഖം റോഡ്, മേനക ജംഗ്ഷന്‍,കലൂര്‍ പള്ളി സ്റ്റോപ്പ്, ഇടപ്പള്ളി പള്ളി സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പെലിക്കണ്‍ സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേകം സംവിധാനം ചെയ്ത സ്വിച്ചിലൂടെ കാല്‍നട യാത്രക്കാര്‍ക്കു തന്നെ ട്രാഫിക് നിയന്ത്രിക്കാമെന്നതാണ് ഇതിന്‍്റെ പ്രത്യേകത.

ട്രാഫിക് സിഗ്നല്‍ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐടിഎം എസ് സഹായിക്കും. റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാനും നവീന ക്യാമറകളും സിസ്റ്റത്തിന്റെ ഭാഗമായുണ്ട്. ഇതിനായി 35 കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താനും ഇവക്കാകും. മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്മെന്‍്റ് ,നിരീക്ഷണ ക്യാമറകള്‍ ,നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗതപ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള മറ്റ് സേവനങ്ങള്‍.

സെന്‍ട്രല്‍ കണ്‍ട്രോള്‍ സിസ്റ്റം വഴി ഐ ടി എം എസ് സ്ഥാപിച്ച ജംഗ്ഷനുകളുടെ നിയന്ത്രണം ഒരു കേന്ദ്രത്തില്‍ നിന്ന് നടത്താനാകും. മുഴുവന്‍ കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ കാണാനും ആവശ്യമായ പരിഷ്കാരങ്ങള്‍ നടത്താനും ഇതിലൂടെ കഴിയും. റവന്യൂ ടവറില്‍ ഒരുക്കുന്ന കണ്‍ട്രോള്‍ സെന്‍ററില്‍ ഗതാഗതം നിരീക്ഷിക്കും. നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സൗകര്യമുണ്ട്. അഞ്ച് വര്‍ഷത്തെ പരിപാലനവും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവുമുള്‍പ്പടെ 26 കോടി രൂപയ്ക്കാണ് പദ്ധതി കെല്‍ട്രോണ്‍ നടപ്പാക്കിയത്‌.

prp

Leave a Reply

*