ഇന്ത്യക്കെതിരായ ആരോപണം തെളിയിക്കുകയോ രാജിവയ്ക്കുകയോ വേണം; നേപ്പാള്‍ പ്രധാനമന്ത്രിയോട് പാര്‍ട്ടി


കാഠ്‌മണ്ഡു: നേപ്പാളിലെ രാഷ്ട്രീയക്കാരുടെ പിന്തുണയോടെ ഇന്ത്യ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയാണ് കെ.പി.ശര്‍മ്മ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തോട് ആരോപണം തെളിയിക്കാനോ രാജിവയ്ക്കാനോ ആവശ്യപ്പെട്ടു.

ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ സംസാരിച്ച പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഢ, മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍, മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ബാംദേബ് ഗൌതം എന്നിവര്‍ ഒലി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്ത്യയ്‌ക്കെതിരായ ഒലിയുടെ ആരോപണം തെറ്റാണെന്ന് പ്രചന്ദ തുടക്കത്തില്‍ തന്നെ പറഞ്ഞു. “ഇന്ത്യയല്ല, ഞാന്‍ തന്നെയാണ് നിങ്ങളുടെ രാജി ആവശ്യപ്പെടുന്നത്. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം,” എന്ന് ദഹാല്‍ പറഞ്ഞതായാണ് വിവരം.

ഇന്ത്യയിലെ ആപ് നിരോധനത്തിനെതിരെ ചൈന; ഗുഡ് ബൈ പറഞ്ഞ് ‘ടിക്‌ടോക്’

ഒരു സൗഹൃദ രാജ്യത്തിനെതിരായാണ് ഒലി വിവേകശൂന്യവും നിരുത്തരവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ എന്നിവരും വ്യക്തമാക്കി. തന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു, ഇന്ത്യന്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും ഇത് തെളിയിച്ചതായും കെ.പി.ശര്‍മ്മ ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെയാണ് വെളിപ്പെടുത്തിയത്.

ഒലിയുടെ ഈ പ്രസ്താവനക്കെതിരെ മുന്‍ ഉപപ്രധാനമന്ത്രി ബംദേബ് ഗൗതമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഏറ്റുവമധികം വിമര്‍ശിച്ചത്. പ്രധാനമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ പദവിയും ഒലി രാജിവയ്ക്കണമെന്ന് ഗൗതം ആവശ്യപ്പെട്ടു.

പാര്‍ട്ടി ഫോറത്തിന് പുറത്തും ഒലി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിന് ഒലി തെളിവ് നല്‍കണമെന്ന് മുന്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടറായി പറഞ്ഞു. “ഇന്ത്യന്‍ എംബസി അദ്ദേഹത്തെ അട്ടിമറിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ അവരുടെ അംബാസഡറെ പുറത്താക്കാത്തത്?” അദ്ദേഹം ചോദിച്ചു.

അതേസമയം, നേപ്പാള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദി റൈസിങ് നേപ്പാളിന് നല്‍കിയ അഭിമുഖത്തില്‍ നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കി, ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം.നരവാനെ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചു.

prp

Leave a Reply

*