പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍; ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം പൊതുയോഗം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ നിന്ന് ഗുരുവായൂരിലേക്ക് യാത്രതിരിച്ചു. കൊച്ചിയില്‍ നിന്ന് രാവിലെ 9.45ന് ഹെലികോപ്റ്ററില്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി 10 മണിയോടെ ക്ഷേത്രത്തില്‍ എത്തി.

ഒന്നേകാല്‍ മണിക്കൂര്‍ ക്ഷേത്രത്തില്‍ ചിലവിടും. 11.15ന് പുറത്തിറങ്ങുന്ന പ്രധാനമന്ത്രി 11.25ന് പൊതുപരിപാടിക്കായി ശ്രീകൃഷ്ണ എച്ച്‌.എസ്.എസിലെ ഗ്രൗണ്ടിലെത്തും. 12ന് പരിപാടി കഴിഞ്ഞ് 12.10ന് ഹെലികോപ്റ്ററില്‍ തിരിക്കുന്ന പ്രധാനമന്ത്രി 12.40 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും.

ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയില്‍ രാവിലെ ഏഴ് മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല. കിഴക്കേ നടയില്‍ രാവിലെ ഏഴ് മുതല്‍ ബാരിക്കേഡ് വഴി പ്രവേശനം നിയന്ത്രിക്കും. ഒന്‍പത് മണിയോടെ എല്ലാവരെയും ഒഴിപ്പിക്കും. പിന്നെ പ്രധാനമന്ത്രി പോയ ശേഷമേ ഭക്തരെ പ്രവേശിപ്പിക്കൂ. രാവിലെ എട്ടിന് പൊലീസ് വിന്യാസത്തിന് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

ക്ഷേത്രത്തില്‍ പ്രധാനമന്ത്രി എട്ട് വഴിപാടുകളാണ് നടത്തുക. അഹസ്, മുഴുക്കാപ്പ് കളഭം, താമര കൊണ്ട് തുലാഭാരം, പാല്‍പ്പായസം, അപ്പം, അട, അവില്‍, ഉണ്ടമാല എന്നിവയാണ് വഴിപാടുകള്‍. തുലാഭാരത്തിനുള്ള 110 കിലോ താമര ഇന്നലെ രാത്രി ക്ഷേത്രത്തില്‍ എത്തിച്ചു.

ക്ഷേത്രം കിഴക്കേഗോപുരകവാടത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി എതിരേല്‍ക്കും. കണ്ണനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിക്കും. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുക. ബി.ജെ.പി. സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

prp

Leave a Reply

*