സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കൊണ്ടുപോയി ; ബാലഭാസ്‌കറിന്‍റെ മരണത്തില്‍ നിര്‍ണായക മൊഴി

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ അപകടമരണത്തിന്‍റെ ദുരൂഹത വര്‍ധിപ്പിച്ച്‌, പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിക്കെതിരെ നിര്‍ണായക മൊഴി. കൊല്ലത്തെ ജ്യൂസ് കട ഉടമ ഷംനാദിന്‍റെതാണ് മൊഴി.

ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കരസ്ഥമാക്കിയെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശന്‍ തമ്പി കടയിലെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോകുകയും, പിന്നീട് തിരികെ ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ഷംനാദ് വെളിപ്പെടുത്തിയത്.

തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ബാലഭാസ്‌കറും സംഘവും കൊല്ലത്ത് ജ്യൂസ് കുടിക്കാന്‍ കടയില്‍ കയറിയത്. പൊലീസ് പരിശോധനയ്ക്ക് മുമ്പാണ് പ്രകാശന്‍ തമ്പി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത്. ക്യാമറ സ്ഥാപിച്ച ജീവനക്കാരുമായി എത്തിയാണ് പ്രകാശ് തമ്പി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണനാണ് ഷംനാദിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് കോടതിയില്‍ നിന്നും വാങ്ങി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താനായി ക്രൈംബ്രാഞ്ച് സംഘം കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയുടമ ഷംനാദിനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ ആദ്യ അന്വേഷണ സംഘം ശേഖരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സിസിടിവിയിലെ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടോ എന്നും സംശയമുണ്ട്.

ബാലഭാസ്‌കറിന്‍റെ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 231 കിലോമീറ്റര്‍ ദൂരം രണ്ടര മണിക്കൂര്‍ കൊണ്ടാണ് സഞ്ചരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിനിടെ ബാലഭാസ്‌കറിന്‍റെ ഡ്രൈവര്‍ അര്‍ജുനും കേസിലെ സാക്ഷി ജിഷ്ണുവും കേരളം വിട്ടുവെന്ന് സൂചനയുണ്ട്.

prp

Leave a Reply

*