മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്നത് ഇടുക്കി ഡാമിന് ഭീഷണിയല്ല: ആശങ്ക നിലനില്‍ക്കെ വൈദ്യുതി മന്ത്രിയുടെ പ്രസ്താവന

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്നത് ഇടുക്കി ഡാമിന് ഭീഷണിയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. റൂള്‍ കര്‍വിനേക്കാള്‍ ഒന്നരയടി താഴ്ത്തിയാണ് ഇടുക്കിയിലെ ജല നിരപ്പ് നിലനിര്‍ത്തുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, ഡാമുകള്‍ തുറന്നത് മൂലം കെ.എസ്.ഇ.ബിക്ക് 45 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പരിയാറില്‍ തമിഴ്നാട് തയ്യാറാക്കിയ 138 അടി റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കഴിയില്ല.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. ജനങ്ങളുടെ ആശങ്കയും കാലപ്പഴക്കവും പരിഗണിച്ച്‌ നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്ത് പുതിയ ഡാം പണിയണമെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.10 അടി ആയി ഉയര്‍ന്നിട്ടുണ്ട്. സെക്കന്റില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. സ്പില്‍വെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്.

prp

Leave a Reply

*