‘ഉയര്‍ന്നജലനിരപ്പ്‌ നിലനിര്‍ത്തുന്നത്‌ മഹാവിപത്തിന്‌ കാരണമായേക്കാം’

ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ ഉയര്‍ന്ന ജലനിരപ്പ് നിലനിര്‍ത്തിയാല്‍ അത് മഹാവിപത്തിന് കാരണമായേക്കാമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു.

കനത്തമഴയില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുതിച്ചുയര്‍ന്നാല്‍ ഇതിനോടകം നിറഞ്ഞിരിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അണക്കെട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടായാല്‍ മഹാവിപത്താകും. 50 ലക്ഷത്തോളം ആളുകളുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകും.

വര്‍ഷകാലത്തിന്റെ അവസാനസമയം ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകളില്‍ ഉയര്‍ന്ന ജലനിരപ്പില്‍ ജലം നിലനിര്‍ത്താന്‍ ഒറ്റ അവസരം (നവംബര്‍ 30) മാത്രമാണ് കേന്ദ്രജലകമീഷന്‍ നല്‍കിയിട്ടുള്ളതെന്ന് കേരളം ചൂണ്ടിക്കാണിച്ചു. എന്നാല്‍, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ രണ്ട് അവസരം (സെപ്തംബര്‍ 20, നവംബര്‍ 30) നല്‍കിയിട്ടുണ്ട്.

വര്‍ഷകാലത്ത് മുല്ലപ്പെരിയാറിലും ഉയര്‍ന്ന ജലനിരപ്പ് നിലനിര്‍ത്താന്‍ ഒറ്റ അവസരം നല്‍കിയാല്‍ മതിയെന്നും കേരളം ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 20ന് ഉയര്‍ന്ന ജലനിരപ്പ് 142 അടിയാക്കാമെന്ന തമിഴ്നാടിന്റെ റൂള്‍കര്‍വിലെ ശുപാര്‍ശ ഒഴിവാക്കണം. വലിയ അണക്കെട്ടുകളുടെ സുരക്ഷയ്ക്കായുള്ള കേന്ദ്രജലകമീഷന്റെ ഇന്‍സ്ട്രുമെന്റേഷന്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ തമിഴ്നാടിന് ഉത്തരവാദിത്വമുണ്ട്.

ഒക്ടോബര്‍ 31ന് രാത്രി 11ന് 138.55 അടിയായിരുന്നു ജലനിരപ്പെന്ന് കേരളം അറിയിച്ചു. തമിഴ്നാടിന്റെ റൂള്‍കര്‍വ് പ്രകാരമുള്ള ഉയര്‍ന്ന ജലനിരപ്പിനേക്കാള്‍ കൂടുതലായിരുന്നു ഇത്. കോടതി വിധിയുടെ ലംഘനമാണിതെന്നും കേരളം ചൂണ്ടിക്കാട്ടി.

prp

Leave a Reply

*