മുല്ലപ്പെരിയാറില്‍ ‘അടി’കൂടാന്‍ തമിഴ്‌നാട്‌ : പുതിയ അണക്കെട്ട്‌ വേണ്ട; ജലനിരപ്പ്‌ 152 അടിയാക്കും

കുമളി: മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തുന്ന മുറയ്‌ക്ക്‌ അണക്കെട്ടിന്റെ സംഭരണശേഷി 152 അടിയാക്കുമെന്നു തമിഴ്‌നാട്‌ ജലവിഭവമന്ത്രി ദൊരെ മുരുകന്‍.

അണക്കെട്ട്‌ സന്ദര്‍ശിച്ചശേഷം തേക്കടിയിലെ തമിഴ്‌നാട്‌ ഐ.ബിയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. നാല്‌ മന്ത്രിമാരും അഞ്ച്‌ എം.എല്‍.എമാരും ഉള്‍പ്പെട്ട തമിഴ്‌നാട്‌ സംഘമാണ്‌ അണക്കെട്ട്‌ സന്ദര്‍ശിച്ചത്‌.
ബേബി ഡാം ബലപ്പെടുത്താന്‍ സമീപത്തെ മൂന്നുമരങ്ങള്‍ തടസമാണെന്നും അവ മുറിച്ചുമാറ്റാന്‍ കേരളം അനുവദിക്കണമെന്നും മന്ത്രി ദൊരെ മുരുകന്‍ ആവശ്യപ്പെട്ടു. 1979-നുശേഷം മൂന്നുഘട്ടങ്ങളായി അണക്കെട്ട്‌ ബലപ്പെടുത്തിയിട്ടുണ്ട്‌. അതിനാല്‍ അണക്കെട്ട്‌ സുരക്ഷിതമാണ്‌. പുതിയ അണക്കെട്ട്‌ നിര്‍മിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
അണക്കെട്ടിലേക്കു പോയിവരാന്‍ രണ്ട്‌ സ്‌പീഡ്‌ ബോട്ടുകള്‍ നല്‍കും. റൂള്‍ കര്‍വ്‌ നിലനില്‍ക്കുന്നതിനാലാണു സ്‌പില്‍വേ ഷട്ടറുകള്‍ തുറന്ന്‌ ജലനിരപ്പ്‌ നിയന്ത്രിക്കുന്നത്‌. തമിഴ്‌നാട്‌ മുന്‍മുഖ്യമന്ത്രിമാരായ ഒ. പനീര്‍ശെല്‍വവും ഇ. പളനിസാമിയും മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ കണ്ടിട്ടുപോലുമില്ല. അവര്‍ക്കു മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ താത്‌പര്യം സംരക്ഷിക്കാനായില്ല.
മുഖ്യമ്രന്തിമാരായ എം.കെ. സ്‌റ്റാലിനും പിണറായി വിജയനും തമ്മില്‍ നല്ല സൗഹൃദമാണ്‌. ഇരുവരും ചര്‍ച്ചചെയ്‌താല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ദൊരെ മുരുകന്‍ പറഞ്ഞു. തമിഴ്‌നാട്‌ ഭക്ഷ്യമന്ത്രി ചക്രപാണി, സഹകരണമന്ത്രി ഐ. പെരിയസാമി, റവന്യൂ മന്ത്രി മൂര്‍ത്തി, എം.എല്‍.എമാരായ രാമകൃഷ്‌ണന്‍, മഹാരാജന്‍, ശരവണകുമാര്‍, ദളപതി, വെങ്കടേഷ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

prp

Leave a Reply

*