മോന്‍സണെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്സോ വകുപ്പ് പ്രകാരം പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു.

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്. പെണ്‍കുട്ടി വൈദ്യപരിശോധനക്കെത്തിയപ്പോഴായിരുന്നു ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയത്.

മോന്‍സണെതിരെയും മേക്കപ്പ് മാന്‍ ജോഷിക്കെതിരെയും പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. മോന്‍സന്‍റെ കേസില്‍ നേരത്തെ വൈദ്യ പരിശോധന കഴിഞ്ഞതാണ്. മേക്കപ്പ് മാന്‍ ജോഷിക്കെതിരായ കേസില്‍ പരിശോധന നടത്താന്‍ പൊലീസ് ആദ്യം ആലുവ താലൂക്ക് ആശുപത്രിയിലും, അവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലും എത്തുകയായിരുന്നു.

ഒരു മണിക്ക് ആശുപത്രിയിലെത്തിയിട്ടും രണ്ടേകാല്‍ വരെ ഒരു പരിശോധനയും നടത്തിയില്ല. മൂന്നുമണിക്ക് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, മൂന്നുമണിയോടെ ഡോക്ടര്‍മാരുള്ള മുറിയിലേക്ക് വിളിപ്പിച്ച്‌ തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ഇതിനിടെ ബന്ധു എത്തി കോടതിയില്‍ പോകേണ്ട കാര്യം ഓര്‍മിപ്പിച്ചപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെണ്‍കുട്ടി പറയുന്നു. വാതില്‍ തള്ളിത്തുറന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടാണ് പിന്നീട് മജിസ്ട്രേറ്റിന് മുന്നിലെത്തിയത്. മജിസ്ട്രറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പിന്നീട് മെഡിക്കല്‍ പരിശോധന നടത്തി.

പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു. ഈ സാഹചര്യത്തിലാണ് മോന്‍സനെതിരെയും പോക്‌സോ കേസ് ചുമത്തിയത്. മോന്‍സണെ ഭയന്നിട്ടാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.

prp

Leave a Reply

*