
കൊച്ചി: പച്ചക്കറിയില്‍ തുടങ്ങി മാസ്ക്, മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ് വരെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാനുള്ള ഉപകരണം കൊച്ചിയിലെ മേക്കര്വില്ലേജ് വികസിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മാസ്റ്റര്‍ പ്ലാന്‍ ഇനിഷ്യേറ്റീവുമായി സഹകരിച്ച് മേക്കര്‍വില്ലേജിലെ ദേവാദിടെക് കമ്ബനിയാണ് ലുമോസ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് മേക്കര്വില്ലേജ് സംരംഭത്തിന്റെ പുതിയ ഉപകരണം. സാര്‍സ്, എച് വണ്‍ എന്‍ വണ്‍, ഫ്ളൂ തുടങ്ങിയ ബാക്ടീരിയ, വൈറസ് ബാധിതമായ എല്ലാ വസ്തുക്കളെയും ലുമോസ് അണുവിമുക്തമാക്കും.
താരതമ്യേന കുറവ് ശക്തിയുള്ള രോഗഹേതുക്കളായ പൂപ്പല്‍, ബാക്ടീരിയ എന്നിവയെയും ഇത് നശിപ്പിക്കും. മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, കണ്ണട, സ്റ്റെതസ്ക്കോപ്പ്, എന്‍ 95 മാസ്ക് തുടങ്ങിയവ വളരെ പെട്ടെന്ന് ലുമോസ് ഉപയോഗിച്ച് അണുവിമുക്തമാക്കാം. കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് നിലവില്‍ നിരവധി ലുമോസ് യൂണിറ്റുകള്‍ ദേവാദിടെക് ഇതിനകം നല്കാന് തീരുമാനിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ മാസ്റ്റര്‍പ്ലാന്‍ ഇനിഷ്യേറ്റീവ് പ്രകാരം കോവിഡ് ഏറ്റവുമധികം ബാധിച്ച മാലി, ഇക്വഡോര്‍, സിംബാബ്വേ, ഘാന, ഹെയ്തി എന്നീ രാജ്യങ്ങളിലേക്കും ലുമോസ് കയറ്റി അയക്കും.രാജ്യത്തിനകത്തും പുറത്തു നിന്നും ലുമോസിന് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ദേവാദിടെകിന്റെ ഡയറക്ടര്‍ സുമിത് സി മോഹന്‍ പറഞ്ഞു.
