കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസുകള്‍ സിംഗിള്‍ബെഞ്ച് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
എതിര്‍കക്ഷികളായ ഇ.ഡിക്ക് നോട്ടീസ് നല്‍കാനും നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് അപ്പീലുകള്‍ സെപ്തംബര്‍ മൂന്നിന് പരിഗണിക്കാന്‍ മാറ്റി.
മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇ.ഡി നിര്‍ബന്ധിക്കുന്നു എന്നാരോപിക്കുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതും ഇതേകാര്യം പറഞ്ഞ് സന്ദീപ് നായര്‍ ജയിലില്‍നിന്ന് കോടതിക്ക് കത്തെഴുതിയതും കണക്കിലെടുത്താണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടുകേസുകള്‍ രജിസ്റ്റര്‍ചെയ്തത്.
എന്നാല്‍ കേന്ദ്രഅന്വേഷണ ഏജന്‍സിക്കെതിരെ ഇത്തരത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാരോപിച്ച് ഇ.ഡിയുടെ കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജികളില്‍ ഈ കേസുകള്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് റദ്ദാക്കുകയായിരുന്നു. 2021 ഏപ്രില്‍ 16ലെ സിംഗിള്‍ബെഞ്ചിന്റെ ഈ വിധി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചില്‍ അപ്പീലുകള്‍ നല്‍കിയത്.

