കല്പറ്റ: വയനാട്ടിലെ ജനങ്ങള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഗവ. മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ മെല്ലപ്പോക്ക് നയമാണ് പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി എം.പി. ജനങ്ങളുടെ ബുദ്ധിമുട്ട് പലതവണ സര്‍ക്കാറിെന്റ ശ്രദ്ധയില്‍പെടുത്തി സമ്മര്‍ദം ചെലുത്തുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടു പോയില്ല. കല്പറ്റയില് യു.ഡി.എഫ് നിയോജക മണ്ഡലം നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനരായ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ യാഥാര്‍ഥ്യമാക്കണം.
യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ മെഡിക്കല്‍ കോളജ് ഉറപ്പാണ്. ലോക്സഭ, തദ്ദേശ തെരെഞ്ഞടുപ്പുകളിലുണ്ടായ ആവേശം അതേപടി നിയമസഭ തെരഞ്ഞെടുപ്പിലും പ്രകടിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് റസാക്ക് കല്പറ്റ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ല ചെയര്മാന് പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന് എന്നിവര്‍ സംസാരിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.പി. ആലി സ്വാഗതവും കെ.പി.സി.സി സെക്രട്ടറി ടി.ജെ. ഐസക്ക് നന്ദിയും പറഞ്ഞു. രാഹുലിെന്റ പ്രസംഗം ജ്യോതി വിജയകുമാര്‍ പരിഭാഷപ്പെടുത്തി.

