തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോര്‍ട്സ് ടീം ഉണ്ടാക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗികമായി ടീം ഉണ്ടാക്കുന്നതെന്ന് മേയര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. നഗരസഭയാണ് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുകയെന്നും മേയര്‍ വ്യക്തമാക്കി.
മേയറുടെ പ്രഖ്യാപനം പുറത്തുവന്നതോടെ പദ്ധതിക്കെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തീരുമാനത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് രംഗെത്തത്തി. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് രൂപീകരിച്ചിരിക്കുന്നത്. ഈ തരംതിരിവിലൂടെ സ്പോര്‍ട്സിനെയും എസ്.സി, എസ്.ടി ജനവിഭാഗങ്ങളെയും മേയര്‍ അപമാനിച്ചിരിക്കുകയാണെന്ന് സണ്ണി എം. കപിക്കാട് മലയാളം ന്യൂസ് ചാനലിനോട് പറഞ്ഞു. വളരെ അലസമായ ജാതിബോധമാണ് മേയറെ ഭരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. അത് തിരുത്താന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കറുത്ത വര്‍ഗക്കാരാണ് എപ്പോഴും കായിക ഇനങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ എസ്.സി, എസ്,ടി ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. അവിടെ എന്തൊക്കെ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് മേയര്‍ക്ക് യാതൊരു ധാരണയുമില്ല. പട്ടികജാതി ഫണ്ട് തട്ടാനായാണ് എസ്.സി, എസ്,ടി വിഭാഗക്കാര്‍ക്കുവേണ്ടി മാത്രമായി സ്പോര്‍ട്സ് ടീം രൂപീകരിക്കുന്നത്. ഇതിന്റെ പേരിലുള്ള മുഴുവന്‍ ചെലവും പട്ടികജാതി വകുപ്പ് നല്‍കണമെന്ന് ഇനി അവര്‍ക്ക് ആവശ്യപ്പെടാം.
ഇത്ര വലിയ തട്ടിപ്പുസംഘമാണ് കേരളം ഭരിക്കുന്നത്. ഈ വിവാദ തീരുമാനം പിന്‍വലിച്ച് മേയര്‍ കേരളത്തോട് മാപ്പുപറയണം. കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ കായിക ക്ഷമതയാണ് വേണ്ടത്. അല്ലാതെ കറുത്തിരിക്കണം, വെളുത്തിരിക്കണം എന്നൊന്നും എവിടെയും പറയുന്നില്ല. പക്വത ഇല്ലാത്ത പെണ്‍കുട്ടിയെ മേയറാക്കിയപ്പോള്‍ എന്തോ അത്ഭുതം കാട്ടുമെന്നാണ് പറഞ്ഞത്. ആ അത്ഭുതമാണ് ഈ രീതിയില്‍ പുറത്തുചാടുന്നത്. ഈ തരംതിരിവിലൂടെ പട്ടിക വിഭാഗങ്ങളെ അപമാനിക്കുകയാണ്. സ്പോര്‍ട്സില്‍ പോലും സംവരണം കൊടുത്താലേ ഇവര്‍ ഉയര്‍ന്നു വരുകയുള്ളൂവെന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു.
നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാര്‍ഥ്യമാവുകയാണ് എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം മേയര്‍ ആര്യ രാജേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. അതിലാണ് എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് പ്രത്യേക ടീം രൂപീകരിക്കുമെന്ന് വ്യക്തമാക്കുന്നത്.

