പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ സഹോദരി ഉള്‍പ്പെടെ 74 പേര്‍ ഇന്ന് കേരളാ പൊലീസിന്‍റെ ഭാഗമാകും. ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി തെരഞ്ഞെടുക്കപ്പെട്ടവരാണ് 74 പേരും. മധുവിന്‍റെ സഹോദരി ചന്ദ്രിക ഉള്‍പ്പെടെ 24 വനിതകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. മധുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. മധുവിന്‍റെ സഹോദരി ചന്ദ്രികയെ കേരള പോലീസിലേക്ക് പ്രത്യേക നിയമനം വഴി കോണ്‍സ്റ്റബിളായി നിയമിക്കുകയായിരുന്നു. മധുവിന്‍റെ മറ്റൊരു സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.
സഹോദരിമാരായ സരസുവും ചന്ദ്രികയും സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. ചിക്കണ്ടി സ്‌കൂളില്‍ ആറാംക്ലാസ് വരെ പഠിച്ച മധു അമ്മ വീട്ടില്‍ തനിച്ചാണെന്ന പേരില്‍ പഠനം നിര്‍ത്തി ചെറിയ പണിക്കുപോയിരുന്നു. പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മധു വീട്ടില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. അച്ഛന്‍ മല്ലന്‍ അസുഖം ബാധിച്ച് നേരത്തെ മരിച്ചു.

