തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും തുടങ്ങിയശേഷം സംസ്ഥാനത്ത് കഴിഞ്ഞമാസം വരെ എക്സൈസ് പിടികൂടിയത് 5000 കിലോയിലേറെ കഞ്ചാവ്. എക്സൈസ് കമ്മിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡാണ് ഏറ്റവുമധികം കഞ്ചാവ് ഇക്കാലയളവില്‍ പിടികൂടിയത്. 2560 കിലോ കഞ്ചാവും ആഡംബര കാറുകളുള്‍പ്പെടെ ഡസന്‍ കണക്കിന് വാഹനങ്ങളുമാണ് ഇവരുടെ പിടിയിലായത്. കൊവിഡ് ഭീതിയില്‍ വാഹന പരിശോധനയിലെ ഇളവുകള്‍ മുതലെടുത്താണ് കിലോക്കണക്കിന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സംസ്ഥാനത്തേക്ക് ഒഴുക്കുന്നത്. അതിര്‍ത്തിയില്‍ യാത്രക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ടെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായി പരിശോധിക്കുന്നതിനുള്ള സാഹചര്യമില്ല.
പരിശോധന കുറഞ്ഞു, കടത്ത് കൂടി
വാഹനങ്ങളിലെ സൂക്ഷ്‌മമായ പരിശോധന കുറഞ്ഞതോടെയാണ് കഞ്ചാവ് കടത്ത് സജീവമായത്. ജി.എസ്.ടി വന്നതോടെ ചെക്ക് പോസ്റ്റുകളില്‍ നീരീക്ഷണം കുറഞ്ഞതും ലഹരി – മാഫിയാ സംഘങ്ങള്‍ക്ക് തുണയായിട്ടുണ്ട്. കഞ്ചാവിന് പുറമേ ബ്രൗണ്‍ഷുഗര്‍, എല്‍.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ ലഹരി വസ്തുക്കളും ചെക്ക് പോസ്റ്റുകള്‍ വഴി യഥേഷ്ടം കടത്തുന്നുണ്ട്. ചരക്ക് വാഹനങ്ങളില്‍ സാധനങ്ങള്‍ക്കിടയിലും വാഹനങ്ങളില്‍ രഹസ്യ അറകള്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ ഒളിപ്പിച്ചുമാണ് കടത്ത്. മത്സ്യബന്ധന ബോട്ടുകളുടെ മറവില്‍ കടല്‍മാര്‍ഗവും ലഹരി എത്തുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മണല്‍, ഇഷ്ടിക, വയ്‌ക്കോല്‍ എന്നിവ കയറ്റിവരുന്ന ചില ലോറികളിലും ലഹരി ഒളിപ്പിക്കാറുണ്ട്. സംശയം തോന്നിയാലും സാധനങ്ങള്‍ പുറത്തിറക്കി പരിശോധിക്കുക ദുഷ്കരമായതിനാല്‍ അത്തരം സാഹസങ്ങള്‍ക്ക് അധികൃതര്‍ മെനക്കടാറില്ല.
ഒഡിഷയും ആന്ധ്രയും ഉറവിടം
കേരളത്തില്‍ പിടികൂടിയ കഞ്ചാവിന്റെ ഉറവിടം ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളാണെന്നാണ് പല കേസുകളിലും ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. നക്‌സലുകളുടെയും മാവോയിസ്റ്റുകളുടെയും ഒളിത്താവളങ്ങളാണ് കഞ്ചാവ് കൃഷിയുടെ കേന്ദ്രങ്ങള്‍. തീവ്രവാദ സംഘങ്ങളെ ഭയന്ന് പൊലീസ് കടന്നുചെല്ലാത്ത ഇവിടെ ഹെക്ടറുകളിലായാണ് സ്ഥലത്താണ് കൃഷി. ഇത്തവണ ലോക്ക് ഡൗണിന് മുമ്ബ് മൂപ്പെത്തിയ കഞ്ചാവ് വില്‍ക്കാനാകാതെ കൃഷിസ്ഥലങ്ങളില്‍തന്നെ ടാര്‍പോളിന്‍ മൂടി സൂക്ഷിക്കുകയായിരുന്നു. ഘട്ടം ഘട്ടമായി അണ്‍ലോക്ക് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ട്രെയിന്‍ സര്‍വീസുകളും അന്തര്‍സംസ്ഥാന പൊതുഗതാഗത സംവിധാനവും ആരംഭിക്കാതിരുന്നതിനാല്‍ കടത്ത് നടന്നില്ല. ആന്ധ്രയില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളുടെ മറവില്‍ കഞ്ചാവ് കടത്ത് വര്‍ദ്ധിച്ചതോടെ വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. എക്സൈസിന്റെയും പൊലീസിന്റെയും നീക്കം മണത്തറിഞ്ഞ കഞ്ചാവ് ലോബി ആന്ധ്രയില്‍നിന്ന് ചെന്നൈ, ബംഗളുരു നഗരങ്ങളില്‍ കഞ്ചാവ് എത്തിച്ച് അവിടെ നിന്ന് കര്‍ണാടക, തമിഴ്നാട് വാഹനങ്ങളില്‍ കടത്ത് തുടങ്ങി. ഇക്കാര്യം മണത്തറിഞ്ഞ എക്സൈസ് സംഘം സംശയമുള്ള മുഴുവന്‍ വാഹനങ്ങളേയും സംശയമുള്ളവരെ നിരീക്ഷണത്തിലാക്കിയുമാണ് ക്വിന്റല്‍ കണക്കിന് കഞ്ചാവ് പിടിച്ചെടുത്തത്.
ലോക്ക് ഡൗണിലെ കണക്കുകള്‍
പ്രതികള്‍- 1236
കഞ്ചാവ് കേസുകള്‍- 1381
ഹാഷിഷ് – 5.47 കിലോ
ചരസ് – 4.31 കിലോ

