തൃശൂര്‍: മാസങ്ങളുടെ പ്രതിസന്ധികള്‍ക്ക് ഒടുവില്‍ കുതിരാന്‍ ടണല്‍ നിര്‍മ്മാണം ആരംഭിച്ചു. ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയില്‍ തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ നിര്‍മ്മിക്കുന്ന കുതിരാന്‍ തുരങ്കം ജനുവരിയില്‍ തുറന്നു കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കുടിശിക ഉള്‍പ്പടെ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കേ യാഥാര്‍ത്ഥ്യമാകില്ലെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചത്. നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചത് പ്രഗതി കമ്ബനി ആയിരുന്നു. എന്നാല്‍ ദേശീയ പാത കരാര്‍ കമ്ബനികരായ കെ.എം.സി കമ്ബനി കുടിശിക വരുത്തിയതിനെ തുടര്‍ന്ന് പ്രശ്നം നിലനിന്നിരുന്നു. ഒടുവില്‍ അവരെ മാറ്റി വൈഷ്ണവി കമ്ബനിയെ ഏല്‍പ്പിച്ചെങ്കിലും ഇവര്‍ക്കും നിര്‍മ്മാണം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാതെ വന്നതോടെ ടണല്‍ പാത പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്. കെ.എം.സി. കമ്ബനി നേരിട്ടാണ് പ്രവര്‍ത്തനം നടത്തുന്നത്. 90 ശതമാനം പണിയേ പൂര്‍ത്തിയായിട്ടുള്ളൂ. തൊഴിലാളികള്‍, ടിപ്പര്‍ ലോറി ഉടമകള്‍ എന്നിവര്‍ക്ക് മാത്രം കൂലി, വാടക ഇനത്തില്‍ കെ.എം.സി മൂന്നരക്കോടിയോളം നല്‍കാനുണ്ട്. എതാനും ദിവസം മുമ്ബ് മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി തൃശൂരിലെത്തിയപ്പോഴാണ് ടണല്‍ ജനുവരിയില്‍ തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. .
പൂര്‍ത്തിയാകേണ്ടത്
ടണലിലെ എക്സ്ഹോസ്റ്റ് ഫാനുകളില്‍ നിന്ന് പുക പുറത്തു പോകുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിച്ചിട്ടില്ല. ടണലിന്റെ ഉള്‍വശം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യണം. ഡ്രൈനേജ് സ്ഥാപിക്കണം, വൈദ്യുതീകരണം, ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം, മഴയില്‍ വെള്ളം അകത്തേക്ക് കിനിഞ്ഞിറങ്ങുന്നത് ഒഴിവാക്കാന്‍ പ്രവൃത്തി, ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയാണ് പൂര്‍ത്തിയാകാനുള്ളത്. റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കും മൂലം ദേശീയപാത യാത്ര ദുരിതപൂര്‍ണ്ണമാണ്. പുതുവര്‍ഷ തലേന്ന് ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേര് മരിച്ചിരുന്നു
കുതിരാന്‍ ടണല്‍
മുന്‍ കരാര്‍ കമ്ബനിയുടെ കുടിശിക 3.85 കോടി
2009ലെ കരാര്‍ തുക : 165 കോടി
ചെലവായത്: ഇരട്ടിയോളം തുക
നിര്‍മ്മാണം തുടങ്ങിയത് : 2014ല്‍
നീളം: 945 മീറ്റര്‍ വീതി 14 മീറ്റര്‍
ഉയരം: 10 മീറ്റര്‍

