ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയില്‍ മേയര്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്തതിന്‍റെ പേരില്‍ കോഴിക്കോട് മേയര്‍ക്കെതിരെ സി.പി.ഐ.എം നടപടിക്ക് ഒരുങ്ങുന്നതിനെതിരേ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

മേയര്‍ക്കെതിരെ സി.പി.ഐ.എം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയില്‍ മേയര്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്നും സി.പിഐഎമ്മിന്‍റെ ഇരട്ട നീതിയുടെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനെ ഭയന്നാണ് സര്‍ക്കാരിന്‍റെ എല്ലാ തീരുമാനമെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ന്നപ്പോഴാണ് ശ്രീറാമിനെ മാറ്റിയതെന്നും സി.പി.ഐ.എമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രധാനമെന്നും അ‌ദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷ വര്‍ഗീയതയെ സി.പി.ഐ.എം താലോലിക്കുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അ‌തേസമയം, ആര്‍.എസ്.എസ് വേദിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സി.പി.ഐ.എം ചിലവില്‍ ആര്‍.എസ്.എസ് മേയറെ കിട്ടിയെന്ന് ഡി.സി.സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ വിമര്‍ശിച്ചു. മേയര്‍ക്കെതിരെ സി.പി.ഐ.എം നടപടിയെടുക്കാന്‍ തയ്യാറാണോയെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു.

എന്നാല്‍ വിമര്‍ശനത്തിന് വിശദീകരണവുമായി കോഴിക്കോട് മേയര്‍ രംഗത്തെത്തി. വിവാദത്തില്‍ ദുഃഖമുണ്ട്, മനസ്സില്‍ വര്‍ഗീയതയില്ലെന്ന് മേയര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍േദശിച്ചിട്ടില്ല.മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോള്‍ പോയി. ശുപരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വര്‍ഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയര്‍ കോഴിക്കോട്ട് പറഞ്ഞു.

prp

Leave a Reply

*