തിരുവനന്തപുരം
കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ തുടരാന്‍ ധാരണയായെങ്കിലും അംഗങ്ങളെ തെരഞ്ഞെടുത്തതിലടക്കമുള്ള പ്രതിഷേധം പുറത്തുവന്നു.
നേതാക്കളുടെ ഒറ്റയാന്‍പോക്കില്‍ കെപിസിസി ജനറല്‍ബോഡിയില്‍ പ്രതിഷേധം അണപൊട്ടി. എതിര്‍പ്പില്ലാതെ തുടരാന്‍ കെ സി വേണുഗോപാലുമായുണ്ടാക്കിയ സുധാകരന്റെ തന്ത്രം പൊളിച്ച് ശരത്ചന്ദ്രപ്രസാദ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗത്തും നേതാക്കള്‍ പ്രതിഷേധവുമായും രംഗത്തെത്തി. സുപ്രധാന യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി വിട്ടുനിന്നതും പ്രതിഷേധ സൂചകമായാണ്.
രാഹുല്‍ ഗാന്ധിയുടെ ഭാരത്ജോഡോ കേരളത്തിലുള്ളപ്പോള്‍ത്തന്നെ പട്ടിക പത്രംവഴി പുറത്തുവിട്ടതും പെട്ടെന്നുള്ള അധ്യക്ഷ തെരഞ്ഞെടുപ്പും തന്ത്രമായിരുന്നു. തരൂരിനെ സുധാകരന്‍ പിന്തുണച്ചുവെന്നകാരണമാണ് മത്സരിക്കാന്‍ ഒരുങ്ങവെ ശരചത്ചന്ദ്രപ്രസാദ് ചൂണ്ടിക്കാണിച്ചതെങ്കിലും പ്രമുഖ നേതാക്കളെയും ഗ്രൂപ്പുകളെയും അവഗണിക്കുന്നതാണ് അടിസ്ഥാനം. രമേശ് ചെന്നിത്തല ഇടപെട്ടാണ് മത്സരം ഒഴിവാക്കിയത്. കൂടിയാലോചനയില്ലാതെ തീരുമാനം എടുക്കുന്നതിലെ പ്രതിഷേധമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. പട്ടിക പുറത്തുവിടാത്തതും റിട്ടേണിങ് ഓഫീസര്‍ പരമേശ്വരയ്ക്ക് പകരം സുധാകരന്‍ യോഗം വിളിച്ചതിലും നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.
യോഗത്തില്‍ രമേശ് ചെന്നിത്തലയാണ് അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചത്.
പട്ടികയില്‍ സാമുദായിക, സ്ത്രീ പ്രതിനിധ്യമില്ലെന്ന വിമര്‍ശവുമായി മുന്‍ കെപിസിസി സെക്രട്ടറി അജീബ എം സാഹിബ് രംഗത്തുവന്നു. ജാഥ തീരുന്നതിനുമുമ്ബ് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. കാസര്‍കോട് പട്ടികയില്‍നിന്ന് പുറത്തായ മുതിര്‍ന്ന നേതാവ് പി കെ ശ്രീധരന്‍ എല്ലാം പിന്നീട് പറയാമെന്ന നിലപാടിലാണ്. എംഎല്‍എമാരായ അന്‍വര്‍സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, എറണാകുളത്തുനിന്നുള്ള വനിതാനേതാവ് സിമിറോസ്ബെല്‍ ജോണ്‍ തുടങ്ങിയവരും പട്ടികയ്ക്ക് പുറത്തായതിലുള്ള പ്രതിഷേധത്തിലാണ്.

